ദോഹ: അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ കാര്‍ ഇന്‍ഷുറന്‍സ് പോളിസി മേഖലയില്‍ ഗണ്യമായ വര്‍ധന.

പോളിസി മൂല്യത്തിലും എണ്ണത്തിലും സ്ഥിരമായ വളര്‍ച്ചയാണുള്ളത്. പ്രീമിയത്തിന്റെ മൂല്യത്തില്‍ 2012 മുതല്‍ 2016 വരെ 150 ശതമാനമാണ് വര്‍ധന. 2012-ല്‍ 530 കോടി റിയാല്‍ ആയിരുന്നത് 2016-ല്‍ 1345 കോടി റിയാല്‍ ആയി വര്‍ധിച്ചതായി വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണം 2012-ല്‍ 7,07,840 ആയിരുന്നത് 55 ശതമാനം വര്‍ധിച്ച് 2016-ല്‍ പത്ത് ലക്ഷമായി.

ഇന്‍ഷുറന്‍സിന്റെ എണ്ണത്തില്‍ കാര്‍ ഇന്‍ഷുറന്‍സാണ് മുന്നില്‍. പത്ത് ലക്ഷം പോളിസികളില്‍ 9,63,000 പോളിസികളും കാര്‍ ഇന്‍ഷുറന്‍സ് പോളിസികളാണ്. കാര്‍പ്രേമികള്‍ കൂടുതലുള്ള രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ കാര്‍ ഇന്‍ഷുറന്‍സിനാണ് പോളിസി മേഖലയില്‍ മുന്‍തൂക്കമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ പറയുന്നു. കാര്‍ഗോ ഇന്‍ഷുറന്‍സാണ് മറ്റൊരു പ്രധാന വിഭാഗം. ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തോടെ കാര്‍ഗോ ഇന്‍ഷുറന്‍സിന്റെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായെന്നും അധികൃതര്‍ വ്യക്തമാക്കി.

കാര്‍ ഇന്‍ഷുറന്‍സ് കഴിഞ്ഞാല്‍ കാര്‍ഗോ, തീപിടിത്ത-മോഷണ ഇന്‍ഷുറന്‍സുകളാണ് കൂടുതലുള്ളത്. 2012-ല്‍ 59,38,68 കാര്‍ പോളിസികള്‍ ഉള്ളത് 2016-ല്‍ 9,63,000 ആയി വര്‍ധിച്ചു. കാര്‍ഗോ ഇന്‍ഷുറന്‍സ് 2016-ല്‍ 25,361 ഉം തീപിടിത്ത-മോഷണ ഇന്‍ഷുറന്‍സ് 9,863 ഉം ആണ്. രാജ്യത്ത് നിലവില്‍ പതിനെട്ട് അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ സര്‍ക്കാരിന്റെ പിന്തുണയിലും പോളിസിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ശക്തമായ ബോധവത്കരണവും മൂലം ഇന്‍ഷുറന്‍സ് മേഖല വിപുലീകരിക്കപ്പെട്ടിട്ടുണ്ട്.

2005-മുതല്‍ 2015-വരെ ഇന്‍ഷുറന്‍സ് മേഖലയുടെ കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാനിരക്ക് (സി.എ.ജി.ആര്‍) 21 ശതമാനമാണ്. 2014-അവസാനത്തോടെ മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്‍ഷുറന്‍സ് വിപണിയായി ഖത്തര്‍ വളര്‍ന്നു. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായതിനാല്‍ ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. സൗദി സഖ്യത്തിന്റെ ഉപരോധം രാജ്യത്തിന്റെ ഇന്‍ഷുറന്‍സ് മേഖലയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല.