ദോഹ: വടക്ക്-കിഴക്ക് അല്‍ഖീസ റോഡ് അടിസ്ഥാനസൗകര്യ പദ്ധതിയുടെ (റൗദത്ത് അല്‍ ഹമാമ) ഒന്നാംഘട്ടം പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) അറിയിച്ചു.

സമഗ്രമായ അടിസ്ഥാനസൗകര്യങ്ങള്‍, മലിനീകരണശൃംഖല, റോഡുകള്‍ തുടങ്ങി അല്‍ ഖീസയില്‍ അനിവാര്യമായ എല്ലാ പൊതു ഉപയോഗസൗകര്യങ്ങളും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കി. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്താല്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന മേഖലയാണിത്. ആദ്യഘട്ടത്തില്‍ 766 പാര്‍പ്പിടങ്ങള്‍, നിരവധി സ്‌കൂളുകള്‍, പള്ളികള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഫര്‍ജാന്‍ മാര്‍ക്കറ്റ് എന്നിവയ്ക്കാണ് പ്രയോജനം ലഭിക്കുന്നത്.

പ്രാദേശിക റോഡ് ശൃംഖല 19.5 കിലോമീറ്ററോളം നവീകരിച്ചു. താമസക്കാര്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് എത്തിപ്പെടാനായി ഒറ്റവരിപ്പാതയും രണ്ടുവരിപ്പാതയും നിര്‍മിച്ചു. കൂടാതെ റോഡ് സുരക്ഷയ്ക്കായി 330 അടയാളബോര്‍ഡുകള്‍ സ്ഥാപിച്ചു. വൈദ്യുതികണക്ഷന്‍, ടെലിഫോണ്‍ സേവനം, ജലസേചനസംവിധാനം നവീകരിക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 790 വിളക്കുകള്‍ സ്ഥാപിക്കാനുള്ള സൗകര്യങ്ങളും നടപ്പാക്കി. അടുത്തമാസം മുതല്‍ ഈ വിളക്കുകള്‍ പ്രവര്‍ത്തിക്കും.

പദ്ധതിയിലെ അടിസ്ഥാനസൗകര്യങ്ങളില്‍ 15.7 കിലോമീറ്റര്‍ നീളുന്ന ഉപരിതല, ഭൂഗര്‍ഭ ജലശൃംഖലയും ഉള്‍പ്പെടുന്നു. മഴക്കാലത്തെ വെള്ളപ്പൊക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങളും 15 കിലോമീറ്റര്‍ നീളത്തിലുള്ള പ്രധാന ട്രങ്ക് സ്വീവെയര്‍ നവീകരണവും ഉള്‍പ്പെടുന്നു. ഇതോടെ വടക്ക്-കിഴക്ക് അല്‍ഖീസയിലെ സെപ്റ്റിക് ടാങ്ക് ഉപയോഗം ഒഴിവാക്കാനും കഴിയും. വടക്ക്-കിഴക്കന്‍ അല്‍ ഖീസ റോഡ്-അടിസ്ഥാനസൗകര്യപദ്ധതി 34.5 കോടി റിയാല്‍ ചെലവിട്ടാണ് യാഥാര്‍ഥ്യമാക്കുന്നത്.