ദോഹ: ഇന്ത്യയിലേക്ക് കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി.) ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഖത്തറുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍.

ഇന്ത്യയുടെ ഊര്‍ജ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇറക്കുമതിക്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രധാന ഊര്‍ജപങ്കാളിയാണ് ഖത്തര്‍. ഊര്‍ജ മിശ്രിതത്തില്‍ എല്‍.എന്‍.ജി.യുടെ നിലവിലെ ഓഹരി ഒന്‍പത് ശതമാനത്തില്‍നിന്ന് ഇരട്ടിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും സ്ഥാനപതി പറഞ്ഞു.

അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകളില്‍ വലിയ വര്‍ധനയാണുള്ളത്. ദോഹയില്‍ ഭക്ഷ്യകേന്ദ്രം തുടങ്ങാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് താത്പര്യമുണ്ട്.
 
ഭക്ഷ്യോത്പാദന മേഖലയില്‍ ലോകത്തിലെ പ്രധാന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് മികച്ച അവസരങ്ങള്‍ ഖത്തറിന് നല്‍കാന്‍ കഴിയും. ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും സ്ഥാനപതി വ്യക്തമാക്കി.