ദോഹ: എണ്ണ വിലയിടിവിനെത്തുടര്‍ന്ന് മധ്യപൂര്‍വേഷ്യയില്‍നിന്നും ദക്ഷിണ കൊറിയയില്‍നിന്നും തിരിച്ചെത്തുന്ന പത്തു ലക്ഷം പ്രവാസികള്‍ക്കായി ഫിലിപ്പൈന്‍ സര്‍ക്കാര്‍ 'പ്രായോഗിക പദ്ധതി' തയ്യാറാക്കി. തൊഴില്‍, പ്രവാസികാര്യ വകുപ്പ് മേധാവി ജെറി റുബിയോയെ ഉദ്ധരിച്ച് ദ മനില ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരിച്ചെത്തുന്നവരുടെ ക്ഷേമം ഉറപ്പാക്കുക, തൊഴില്‍, ജീവിത സുരക്ഷ, നിയമസഹായം, യാത്രാസഹായം എന്നിവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പത്രം പറയുന്നു. യുദ്ധം, പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ തയ്യാറാക്കിയ പദ്ധതി പുതിയ പശ്ചാത്തലത്തിലും നടപ്പാക്കുമെന്ന് തൊഴില്‍, പ്രവാസികാര്യ വകുപ്പ് അധികൃതര്‍ പറയുന്നു.

ജോലി നഷ്ടപ്പെട്ട് സ്വന്തം രാജ്യത്ത് തിരിച്ചെത്തുന്നവര്‍ക്ക് നിലനില്‍പ്പിനാവശ്യമായ വരുമാനം കണ്ടെത്തുന്നതിനുള്ള ജോലി ഉറപ്പാക്കുമെന്ന് ജെറി റുബിയോ പറയുന്നു. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ ഭാഗമായി മധ്യപൂര്‍വേഷ്യയില്‍ നിന്ന് പതിനായിരത്തിലേറെ ഫിലിപ്പൈന്‍കാര്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. മധ്യപൂര്‍വേഷ്യയില്‍മാത്രം 2,81,201 ഫിലിപ്പീനികളുണ്ട്. സൗദി അറേബ്യയില്‍നിന്നാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തുകയെന്നാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കരുതുന്നത്. ദക്ഷിണ കൊറിയയില്‍നിന്ന് ഇതേ കാരണത്താല്‍ 7000 പേര്‍ മടങ്ങിയെത്തുമെന്നും രാജ്യം കണക്കുകൂട്ടുന്നു.

എന്നാല്‍, എത്തരത്തിലുള്ള ജോലിയാണ് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നല്‍കുകയെന്നത് സംബന്ധിച്ച് വാര്‍ത്തയില്‍ സൂചനയില്ല. വേതനത്തിന്റെ കാര്യത്തിലും വിവരം നല്‍കുന്നില്ല.

ദക്ഷിണ കൊറിയയിലെ സിയോളില്‍ ഏപ്രിലില്‍ 'എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്' സമ്പ്രദായത്തിലൂടെ 450 പേരെ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കുമെന്ന് തൊഴില്‍ പ്രവാസികാര്യ വകുപ്പ് സെക്രട്ടറി റോസലിന്‍ഡ ബള്‍ഡോസ് പറഞ്ഞു. നിലവില്‍ ദക്ഷിണ കൊറിയയില്‍ 45,000 ഫിലിപ്പീനികള്‍ജോലി ചെയ്യുന്നതായാണ് കണക്ക്.

പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് സ്വന്തം നാട്ടിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ഫിലിപ്പെന്‍സ് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. 2016 മെയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഐ റെഹിസ്‌ട്രോ എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഫിലിപ്പൈന്‍സ് ഭരണകൂടം ഒരുക്കുന്നത്. രജിസ്‌ട്രേഷന്‍ ഏതാണ്ട് പൂര്‍ത്തിയായി.