ദോഹ: ഹമദ് ജനറല്‍ ആസ്​പത്രിയിലെ ഓട്ടോമേറ്റഡ് ഡിസ്‌പെന്‍സിങ് യൂണിറ്റായ ഫാര്‍മസി റോബോട്ടിന്റെ പ്രവര്‍ത്തനം രോഗികള്‍ക്ക് ആശ്വാസമാകുന്നു. റോബോട്ട് മുഖേനയുള്ള ഫാര്‍മസി പ്രവര്‍ത്തനത്തിലൂടെ മരുന്നിനായുള്ള രോഗികളുടെ കാത്തിരിപ്പുസമയം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
 
പുതിയ സംവിധാനത്തിന് ഏറെ സ്വീകാര്യതയാണ് രോഗികളും സന്ദര്‍ശകരും നല്‍കുന്നത്. രോഗികള്‍ക്കുമാത്രമല്ല, അവര്‍ക്കൊപ്പം എത്തുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് റോബോട്ട് ഫാര്‍മസി. ഹമദ് ജനറല്‍ ആസ്​പത്രി ഫാര്‍മസിയില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ഫാര്‍മസി റോബോട്ട് പ്രവര്‍ത്തനം തുടങ്ങിയത്. വഖ്‌റ ആസ്​പത്രിയിലും നേരത്തെ ഈ സംവിധാനം നടപ്പാക്കിയിരുന്നു.

രോഗികള്‍ക്ക് പ്രതിദിനം 1,600 പായ്ക്കറ്റ് ടാബ്ലറ്റുകളാണ് റോബോട്ടുകള്‍ മുഖേന വിതരണം ചെയ്യുന്നത്. മെഡിമാറ്റ്, സ്​പീഡ് ബോക്‌സ് എന്നീ സംവിധാനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള രണ്ടു റോബോട്ടിക് സംവിധാനം ഈവര്‍ഷം ഏപ്രിലിലാണ് ഫാര്‍മസിയില്‍ സ്ഥാപിച്ചത്. എം.എ.സി.എച്ച്. 4 ഒമ്‌നിസെല്‍ റോബോട്ടുകളാണ് ഫാര്‍മസിയില്‍ പ്രവര്‍ത്തിക്കുന്നത്. മേഖലയിലെതന്നെ ഏറ്റവുംവലിയ റോബോട്ടിക് ഫാര്‍മസി സംവിധാനമാണ് ഹമദ് ജനറല്‍ ആസ്​പത്രിയിലേത്. 14,000 പായ്ക്കറ്റ് മരുന്നുകള്‍ സൂക്ഷിക്കാനുള്ള ശേഷിയാണ് ഇതിന്. വേണ്ടമരുന്നുകളുടെ പേരുവിവരങ്ങള്‍ കംപ്യൂട്ടറില്‍ നല്‍കിയാലുടന്‍തന്നെ അതത് ഷെല്‍ഫുകളില്‍നിന്ന് റോബോട്ട് മരുന്നുകള്‍ കൃത്യമായെടുത്ത് വിതരണ ടേബിളില്‍ എത്തിക്കും.

നേരത്തെ മരുന്ന് തിരഞ്ഞെടുക്കുന്നതിനായി നഴ്‌സുമാര്‍ക്ക് ഏറെസമയം ചെലവിടേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ റോബോട്ട് സംവിധാനം തുടങ്ങിയതോടെ നഴ്‌സുമാര്‍ക്ക് കൂടുതല്‍ സമയം രോഗികള്‍ക്കൊപ്പം ചെലവഴിക്കാനും മരുന്നുകളുടെ വിശദാംശങ്ങള്‍ വിവരിക്കാനും ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ഹമദ് ജനറല്‍ ആസ്​പത്രി ഫാര്‍മസി വിഭാഗം അസി. ഡയറക്ടര്‍ ഡോ. മോന അല്‍ ബാകിര്‍ പറഞ്ഞു.
 
മരുന്നുവിതരണത്തിനായി കൗണ്ടറിലിരിക്കുന്നവരുടെ തൊട്ടടുത്തുതന്നെ പ്രത്യേക മെഷീന്‍ സംവിധാനത്തില്‍ മരുന്നുകള്‍ എത്തുന്നതിനാല്‍ കൗണ്ടറില്‍നിന്ന് പുറത്തുപോകേണ്ടതില്ല. രോഗികള്‍ മരുന്നിന്റെ കൂപ്പണുകളുമായി ഫാര്‍മസി കൗണ്ടറിലെത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കണം. രോഗിയുടെ മരുന്ന് വിവരങ്ങള്‍ കംപ്യൂട്ടറില്‍ അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകംതന്നെ റോബോട്ട് മരുന്നുകള്‍ കൗണ്ടറിന് സമീപത്തെ പ്രത്യേകട്രേയിലെത്തിക്കും. ഫാര്‍മസി റോബോട്ട് സിസ്റ്റത്തെ ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി സംയോജിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനവും പുരോഗമിക്കുന്നു.