ദോഹ: ഒക്ടോബറിലെ രാജ്യത്തെ ഇന്ധനവില ഖത്തര്‍ പെട്രോളിയം പ്രസിദ്ധീകരിച്ചു. പെട്രോള്‍നിരക്കില്‍ പത്ത് ദിര്‍ഹത്തിന്റെ വര്‍ധനയാണ് ഒക്ടോബറിലുള്ളത്.
 
സെപ്റ്റംബറിനേക്കാള്‍ സൂപ്പര്‍, പ്രീമീയം പെട്രോള്‍ വിലയില്‍ പത്ത് ദിര്‍ഹമാണ് വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയവില പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.60 റിയാലും സൂപ്പറിന് 1.70 റിയാലുമാണ് വില. ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഡീസലിന് 1.55 റിയാലാകും നിരക്ക്.

അതേസമയം സെപ്റ്റംബറില്‍ പെട്രോള്‍, ഡീസല്‍വില ഓഗസ്റ്റിലെ നിരക്കില്‍ തന്നെയാണ് തുടരുന്നത്. സെപ്റ്റംബറില്‍ പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60 റിയാലും ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്.
 
2016 ഏപ്രില്‍ മുതല്‍ക്കാണ് ആഗോള എണ്ണ വിപണിനിരക്ക് പ്രകാരം എല്ലാമാസവും രാജ്യത്തെ ഇന്ധനവില പുതുക്കിനിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസലിന് 1.40 റിയാലുമായിരുന്നു നിരക്ക്.