ദോഹ: പാകിസ്താന്‍ സാമ്പത്തിക മേഖലയെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ 300 കോടി ഡോളറിന്റെ സഹായം നല്‍കുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി പ്രഖ്യാപിച്ചു. പാകിസ്താനില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരമാണ് പ്രഖ്യാപനം. ഡപ്പോസിറ്റായും നേരിട്ടുള്ള നിക്ഷേപമായുമാണ് ഇത്രയും തുക നല്‍കുക.

പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള നിലവിലെ പാക് സര്‍ക്കാരിന് രാജ്യത്തെ സാമ്പത്തിക മേഖല ഉയര്‍ച്ചയിലേക്കു നയിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യമന്ത്രി ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ സഹായ പ്രഖ്യാപനത്തോടെ ഖത്തര്‍-പാകിസ്താന്‍ സാമ്പത്തിക സഹകരണം 900 കോടി ഡോളറായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 

അതേ സമയം, പാകിസ്താന്‍ സന്ദര്‍ശിച്ച ഖത്തര്‍ അമീറിന് പാകിസ്താനിലെ പരമോന്നത സിവില്‍ ബഹുമതിയായ നിഷാനെ പാകിസ്താന്‍ നല്‍കി ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം പ്രകടിപ്പിക്കുന്നതിന് വേണ്ടി പാക് പ്രസിഡന്റ് ഡോ.ആരിഫ് ആല്‍വിയാണ് ബഹുമതി സമ്മാനിച്ചത്. ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയായ ഐവാനെ സദറിലാണ് ചടങ്ങ് നടന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് അമീര്‍ മടങ്ങിയത്.