ദോഹ: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യരീതിയില്‍ സംഘടനാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിഹാനിയയിലെ അല്‍ ഫൈസല്‍ ഗാര്‍ഡനില്‍ ഇന്‍കാസ് നേതാക്കന്മാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നാമനിര്‍ദേശത്തിലൂടെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലൂടെ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃ നിരയിലെത്താനുള്ള അവസരം നഷ്ടമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധികളിലൂടെയും രാജ്യവും പാര്‍ട്ടിയും കടന്നുപോയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വലിയ ഭീഷണിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെങ്കിലും പാര്‍ട്ടി അതിനെ അതിജീവിക്കും.
 
ബി.ജെ.പി.ക്കെതിരായ കൂട്ടായ്മയില്‍ ഗള്‍ഫ് മലയാളികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ഉപതിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി.യെ തളച്ചിടാന്‍ കഴിഞ്ഞു എന്നത് ഇരുമുന്നണികള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാര്‍ അവസാനനാളിലെടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരാത്തത് അതില്‍ അഴിമതിയോ വഴിവിട്ട കാര്യങ്ങളോ മറ്റ് അപാകതകളോ കണ്ടുപിടിക്കാന്‍ കഴിയാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് സംഗമത്തില്‍ പങ്കെടുത്തത്.

ഇന്‍കാസ് വൈസ് പ്രസിഡന്റ് രാജശേഖരന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡോ. കെ.സി. ചാക്കോ, കെ.കെ. ഉസ്മാന്‍, വര്‍ഗീസ് ചാക്കോ, മുഹമ്മദ് അലി പൊന്നാനി, നാരായണന്‍ കരിയാട്, കേശവദാസ് എന്നിവര്‍ സംസാരിച്ചു.