ദോഹ: ഖലീഫ അന്താരാഷ്ട്ര ടെന്നീസ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവക് ജോക്യോവിച്ച് പങ്കെടുക്കില്ലെന്ന് സംഘാടകര്‍ വെളിപ്പെടുത്തി.

കൈമുട്ട് വേദനയെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കളിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ജനുവരി ഒന്നുമുതല്‍ ആറുവരെയാണ് ടൂര്‍ണമെന്റ്. ജോക്യോവിച്ചിനെ കൂടാതെ ലോക പതിനഞ്ചാം നമ്പര്‍ താരം ജോ വില്‍ഫ്രഡ് സോംഗയും കൈയിലെ പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കില്ല. അതേസമയം കൈമുട്ട് വേദന പൂര്‍ണമായും ശരിയായിട്ടില്ലാത്തത് കൊണ്ടാണ് ഡോക്ടര്‍മാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ദോഹയിലെ ആരാധകര്‍ക്ക് മുമ്പില്‍ വരാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ജോക്യോവിച്ച് പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള സംഘാടനത്തില്‍ നടത്തുന്ന ടൂര്‍ണമെന്റ് തനിക്ക് വലിയ നഷ്ടമാണെന്നും ജോക്യോവിച്ച് പറഞ്ഞു.

250 പോയന്റ് വിഭാഗത്തിലെ പ്രധാന ടൂര്‍ണമെന്റായ എക്‌സോണ്‍ മൊബീലില്‍ ലോകത്തിലെ മുന്‍നിര താരങ്ങളാണ് പങ്കെടുക്കുന്നതെന്ന് ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ താരിഖ് സൈനല്‍ പറഞ്ഞു. ടൂര്‍ണമെന്റിന്റെ ഭാഗമായി ഖലീഫ ടെന്നീസ് കോംപ്ലക്‌സില്‍ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കുമായി വിനോദപരിപാടികളും നടക്കും.