ദോഹ: നോര്‍ക്ക വകുപ്പിന് കീഴിലുളള ലീഗല്‍ ഹെല്‍പ്പ് ഡസ്‌ക് ഖത്തറില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ പറഞ്ഞു. പ്രവാസി പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തന്നെ സന്ദര്‍ശിച്ച കള്‍ച്ചറല്‍ ഫോറം ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക സെന്ററുകര്‍ ആരംഭിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവത്തിലാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക തിരിച്ചറിയില്‍ കാര്‍ഡിനും പ്രവാസി ക്ഷേമനിധിയിലും ചേരാന്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളുണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികള്‍ക്ക് അത് ഇന്നും അപ്രാപിയമാണെന്നും കൂടുതല്‍ പ്രവാസികള്‍ക്ക് നോര്‍ക്ക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക സെന്ററുകര്‍ ആരംഭിക്കണമെന്നും കള്‍ച്ചറല്‍ ഫോറം സ്പീക്കര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നോര്‍ക്ക ആനുകൂല്യങ്ങള്‍ക്കുളള വരുമാന പരിധി ഉയര്‍ത്തുക, നോര്‍ക്ക റൂട്‌സ് കീഴിലുളള സ്‌കില്‍ അപ്ഗ്രഡേഷന്‍ സെന്ററുകള്‍ കാര്യക്ഷമമാക്കുക, തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടെ ഉണ്ടാവുമെന്നും പ്രവാസി പ്രശ്‌നങ്ങളെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സ്പീക്കര്‍ നിവേദക സംഘത്തോട് പറഞ്ഞു. കള്‍ച്ചറല്‍ ഫോറം സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുനീഷ് എ.സി, മലപ്പുറം ജില്ല പ്രസിഡന്റ് ഷറഫുദ്ധീന്‍ സി, ജില്ലാ വൈസ്പ്രസിഡന്റുമാരായ അമീന്‍ അന്നാര, ഷരീഫ് ചിറക്കല്‍, അഹമ്മദ് കബീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ആരിഫ് അഹമ്മദ്, സെക്രട്ടറി യാസിര്‍ എം.ടി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.