ദോഹ: മൂവായിരത്തോളം യാത്രക്കാരുമായി ആഡംബരക്കപ്പലായ എം.എസ്.സി. ഫന്റാസിയ ബുധനാഴ്ച ദോഹ തുറമുഖത്ത് നങ്കൂരമിടും.ഇത്തവണത്തെ കപ്പല്‍ വിനോദസഞ്ചാര സീസണില്‍ ദോഹയിലെത്തുന്ന ആദ്യത്തെ വലിയ ആഡംബരക്കപ്പലാണിത്. മൂവായിരത്തോളം യാത്രക്കാരും 1,300-ത്തോളം ജീവനക്കാരുമായാണ് ഫന്റാസിയ എത്തുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് (ക്യു.ടി.എ.) ഇക്കാര്യം അറിയിച്ചത്.

ഫന്റാസിയയിലെ യാത്രക്കാര്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, സൂഖ് വാഖിഫ്, മിഷെറബ് മ്യൂസിയം, കത്താറ കള്‍ച്ചറല്‍ വില്ലേജ് എന്നിവ സന്ദര്‍ശിക്കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. 333 മീറ്റര്‍ നീളവും 66 മീറ്റര്‍ ഉയരവുമുള്ളതാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആഡംബരക്കപ്പലായ എം.എസ്.സി. ഫന്റാസിയ. എം.എസ്.സി. യാട്ട് ക്ലബ്ബാണ് കപ്പലിന്റെ പ്രധാന സവിശേഷത. സ്വകാര്യത ആഗ്രഹിക്കുന്ന അതിഥികള്‍ക്കായുള്ളതാണിത്. കപ്പലിനുള്ളിലെ കപ്പലാണ് യാട്ട് ക്ലബ്ബ്. നാല് തട്ടുകളുള്ള കപ്പലില്‍ നീന്തല്‍ക്കുളം, സൂര്യസ്‌നാനത്തിനുള്ള മുറി, ഭക്ഷണശാല തുടങ്ങി നിരവധി സ്വകാര്യസൗകര്യങ്ങളോടു കൂടിയതാണ് യാട്ട് ക്ലബ്ബ്.

ഒക്ടോബര്‍ 18-ന് ആരംഭിച്ച കപ്പല്‍ വിനോദസഞ്ചാര സീസണ്‍ അടുത്ത ഏപ്രില്‍വരെ നീളും. 32 കപ്പലുകളാണ് ഇത്തവണത്തെ സീസണില്‍ രാജ്യത്തെത്തുന്നത്. അമ്പതിനായിരത്തോളം യാത്രക്കാരെയാണ് ഇത്തവണത്തെ സീസണില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത്തവണ കപ്പല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ആയിരം ശതമാനമാണ് വര്‍ധന. ലോകത്തിലെത്തന്നെ ഏറ്റവും വലിയ സ്വകാര്യ ആഡംബരക്കപ്പലായ ദ വേള്‍ഡ് സീസണിന്റെ തുടക്കത്തില്‍ത്തന്നെ 350-ഓളം യാത്രക്കാരുമായി ദോഹയിലെത്തിയിരുന്നു. മറ്റൊരു ആഡംബരക്കപ്പലായ അസമാരയും 750-ഓളം യാത്രക്കാരുമായി ദോഹയിലെത്തിയിരുന്നു. ദോഹയിലെത്തുന്ന കപ്പല്‍ യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ സൗജന്യ ട്രാന്‍സിറ്റ് വിസയും നല്‍കുന്നുണ്ട്. കപ്പല്‍ യാത്രക്കാരുടെ രാജ്യത്തേക്കുള്ള പ്രവേശനനടപടികള്‍ ലഘൂകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സീസണിന്റെ തുടക്കത്തില്‍ത്തന്നെ ആഭ്യന്തരമന്ത്രാലയം നടത്തിയിരുന്നു.

ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് കപ്പല്‍ വിനോദസഞ്ചാര സീസണ് ചുക്കാന്‍പിടിക്കുന്നത്. ദോഹയുടെ കാഴ്ചകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി നിരവധി വ്യത്യസ്തവും നവീനവുമായ ഉത്പന്നങ്ങളും സേവനങ്ങളുമാണ് ടൂറിസം അതോറിറ്റി പ്രദാനംചെയ്യുന്നത്. സഞ്ചാരികള്‍ക്ക് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയാനും നഗരത്തിന്റെ സൗന്ദര്യമാസ്വദിക്കാനുമായി പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധ യാത്രാവഴികാട്ടികളും സജീവമാണ്.
 
ഖത്തറിനെ ആഡംബരക്കപ്പലുകളുടെ കേന്ദ്രമാക്കി മാറ്റാനും ആഭ്യന്തര വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ടൂറിസം അതോറിറ്റിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ സീസണില്‍ പത്ത് ആഡംബരക്കപ്പലുകളാണ് എത്തിയത്. നാലായിരത്തോളം സഞ്ചാരികള്‍ക്കാണ് രാജ്യത്ത് പ്രവേശിക്കാന്‍ വിസ നല്‍കിയത്. ആഭ്യന്തര മന്ത്രാലയത്തിലെ എമിഗ്രേഷന്‍ ഓഫീസ്, ജനറല്‍ കസ്റ്റംസ് അതോറിറ്റി, ദോഹ തുറമുഖ മാനേജ്‌മെന്റ്, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഷിപ്പിങ് ഏജന്റ് എന്നിവരുടെ പങ്കാളിത്തത്തിലാണ് ടൂറിസം അതോറിറ്റിയുടെ പ്രവര്‍ത്തനം.