ദോഹ: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ വലിയ പങ്കുവഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപത്തിന് ആവശ്യമായ എല്ലാ സാഹചര്യവുമൊരുക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഖത്തറില്‍ നടക്കുന്ന കേരള ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

പുതിയ കേരളം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്കു വഹിക്കാനാവുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ചുവപ്പുനാടകള്‍ ഒഴിവാക്കി നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂല സാഹചര്യമൊരുക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന് മന്ത്രി അവകാശപ്പെട്ടു. ഒരു വ്യവസായ ആശയവുമായി എത്തിയാല്‍ മൂന്ന് മാസങ്ങള്‍ കൊണ്ട് അത് ആരംഭിക്കാന്‍ സാധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പുതിയ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ച് പ്രവാസികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് കെബിഎഫ് കോണ്‍ക്ലേവില്‍ താന്‍ സംബന്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. സ്പോര്‍ട്സ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇപ്പോള്‍ നടത്തുന്ന വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആവശ്യമായ പണം സര്‍ക്കാര്‍ കിഫ്ബിയിലൂടെ കണ്ടെത്തിയതാണെന്ന് മന്ത്രി പറഞ്ഞു. 

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന സെമിസ്പീഡ് റെയില്‍ പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കും. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നാല് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാവുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 

ലോകം മാറുന്നതിന് അനുസരിച്ച് നമ്മളും മാറേണ്ടതുണ്ട്. ഹെലികോപ്ടറില്‍ സഞ്ചരിക്കേണ്ടത് ആവശ്യമായ സ്ഥാനത്ത് ഹെലികോപ്ടര്‍ തന്നെ ഉപയോഗിക്കണമെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. ദുരന്ത നിവാരണ മേഖലയില്‍ ഗവേഷണം നടത്തുന്ന ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യകള്‍ സംസ്ഥാനത്ത് നടപ്പാക്കും. ഇനിയുമൊരു പ്രളയമുണ്ടായാല്‍ കാര്യക്ഷമമായി നേരിടാന്‍ അത് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. 

പോലീസ് പഴയ ചില ദുശ്ശീലങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് അതേക്കുറിച്ചുള്ള ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. ആവശ്യമെങ്കില്‍ അതില്‍ തിരുത്തലുകള്‍ വരുത്തുമെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. 

കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, വൈസ് പ്രസിഡന്റ ജെന്നി ആന്റണി, ട്രഷറര്‍ സാബിത്ത് ഷഹീര്‍, നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി, പ്രമോദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.