ദോഹ: എം.ജി.എം മദീനഖലീഫ മേഖല സംഘടിപ്പിച്ച 'എക്‌സ്‌പോ 2019' സംഘാടനത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. നാടന്‍ തട്ടുകട, പെട്ടിപ്പീടിക, കുട്ടിപ്പീടിക, തലശ്ശേരി ബിരിയാണി, കണ്ണൂരിന്റെ രുചിക്കൂട്ട്, തെക്കന്‍ കേരളത്തിന്റെ പലഹാരക്കട, ഹരിത ഭവനം ജൈവ പച്ചക്കറികള്‍, കാശ്മീരി രുചിക്കൂട്ട്, കുങ്കുമംചായ, ഹെന്ന കോര്‍ണര്‍, തുണിക്കടകള്‍, ഫേന്‍സി സ്റ്റാള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ നിരവധി സ്റ്റാളുകള്‍ ഒരുക്കി മലയാളക്കരയുടെ പുനരാവിഷ്‌ക്കാരമാണ് സംഘാടകര്‍ 'എക്‌സ്‌പോ'യിലൂടെ ഒരുക്കിയത്. സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും ഇഷ്ടപ്പെട്ട വിഭവങ്ങളും ഉല്‍പന്നങ്ങളും സ്വന്തമാക്കാനും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ജനസാന്നിദ്ധ്യമുണ്ടായിരുന്നു. ഖത്തറിലെ മലയാളി വനിതാ കൂട്ടായ്മ സംഘടിപ്പിച്ച മേളയില്‍ പാകിസ്ഥാന്‍, ഉസ്‌ബെകിസ്ഥന്‍ സഹോദരങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളുമായെത്തി മേളയ്ക്ക് കൊഴുപ്പേകി.
 
ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഫലങ്ങളും പച്ചക്കറികളും പ്രദര്‍ശിപ്പിച്ചുകൊണ്ട് എം.ജി.എം ഖത്തര്‍ ഒരുക്കിയ ദഅ്‌വാസ്റ്റാളും മേളയിലെ പ്രാധാന ആകര്‍ഷണമായിരുന്നു. 2018 ഒക്ടോബറില്‍ സംഘടിപ്പിച്ച 'എക്‌സ്‌പോ സീസണ്‍ 1' നേക്കാള്‍ സ്വീകാര്യതയാണ് ഇത്തവണത്തെ മേളയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് എം.ജി.എം മേഖലാ ഭാരവാഹികള്‍ അറിയിച്ചു. പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന മേള ICC മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ എം.ഡി ഷീല ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എം.ജി.എം ഭാരവാഹികളായ ജമീല നാസര്‍, സൈനബ അന്‍വാരിയ, ഹാജറ അന്‍വാരിയ, സുഹറ ടീച്ചര്‍, ജസ്‌നി മുജീബ്, താഹിറ അലി, സനിയ നൗഷാദ്, റഹീല അസീസ്, ജമീല സൈദ്, റിസ് വാന ഷൗലി, ജസീറ റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.