ദോഹ:  മെട്രോ ട്രെയ്നുകളില്‍ യാത്രചെയ്യാനെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ഖത്തര്‍ റെയില്‍. മെട്രോ സ്റ്റേഷനുകളില്‍ റീട്ടെയില്‍ വില്‍പന ശാലകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ഖത്തര്‍ റെയില്‍ അപേക്ഷ ക്ഷണിച്ചു. ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലെ വിവിധ സ്റ്റേഷനുകളിലാണ് ഷോപ്പുകള്‍ അനുവദിക്കുക. 

ഗോള്‍ഡ് ലൈനില്‍ റാസ് അബൂ അബൂദ് മുതല്‍ അസീസിയ വരെയുള്ള പത്ത് സ്റ്റേഷനുകളില്‍ 55 റീട്ടെയില്‍ യൂണിറ്റുകള്‍, 33 എടിഎം മെഷീനുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഗ്രീന്‍ ലൈനില്‍ അല്‍ റിഫ സ്റ്റേഷനില്‍ എട്ട് റീട്ടെയില്‍ കിയോസ്‌കുകള്‍, രണ്ട് എടിഎം മെഷീനുകള്‍ എന്നിവ അനുവദിക്കും. റെഡ് ലൈനില്‍ കത്താറ മുതല്‍ ലുസൈല്‍ വരെയും ഹമദ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെയും അഞ്ച് സ്റ്റേഷനുകളിലെ 19 റീട്ടെയില്‍ യൂണിറ്റുകള്‍, പതിനൊന്ന് എടിഎം ലൊക്കേഷനുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഭക്ഷ്യ വസ്തുക്കള്‍, ജനറല്‍ റീട്ടെയില്‍, എടിഎം സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലാണ് വ്യാപാരത്തിന് അവസരം. സര്‍വീസ് വിഭാഗത്തില്‍ ബാങ്ക്, എടിഎം, വെന്‍ഡിങ് മെഷീന്‍, മണി എക്സ്ചേഞ്ച്, ടെലികോം സര്‍വീസ്, ഫാര്‍മസി, കൊറിയര്‍ സര്‍വീസ്, എന്നിവ അനുവദിക്കും. ജനറല്‍ റീട്ടെയില്‍ വിഭാഗത്തില്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ലോണ്‍ട്രി, സമ്മാന കടകള്‍, പുസ്തക ശാലകള്‍, സ്പോര്‍സ് മെറ്റീരിയല്‍സ് എന്നിവയും ഭക്ഷ്യ വസ്തുക്കളുടെ വിഭാഗത്തില്‍ കഫേ, ജ്യൂസ് ബാര്‍, ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് എന്നിവയ്ക്കുമാണ് അനുമതി.

ഈ വര്‍ഷം ആഗസ്ത് 29ന് അകം അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.retail.qr.com.qa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.  നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയ റെഡ് ലൈനിലെ പതിമൂന്ന് സ്റ്റേഷനുകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.