ദോഹ: ജനുവരി പന്ത്രണ്ട്, പതിമൂന്ന് തീയതികളില്‍ തിരുവനന്തപുരത്തുനടക്കുന്ന ലോക കേരള സഭയെ ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ മൂന്നരലക്ഷത്തോളംവരുന്ന പ്രവാസി മലയാളികള്‍ നോക്കിക്കാണുന്നത്.

വര്‍ഷങ്ങളായി പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ കേരള സഭയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ ഉന്നയിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം. ഖത്തറില്‍നിന്ന് നോര്‍ക്ക ഡയറക്ടര്‍ സി.വി. റപ്പായി, ഒ.ഐ.സി.സി. ഗ്ലോബല്‍ പ്രസിഡന്റ് സി.കെ. മേനോന്‍, പ്രവാസി ക്ഷേമനിധി ആസൂത്രണ ബോര്‍ഡ് അംഗം കെ.കെ. ശങ്കരന്‍, കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, സി. ഷംസുദ്ദീന്‍ പൂക്കര്‍ എന്നിങ്ങനെ അഞ്ചോളം പ്രതിനിധികളാണ് സഭയില്‍ പങ്കെടുക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രയോജനങ്ങള്‍ കൈവരുന്ന പ്രധാനപ്പെട്ട ഏതാനും വിഷയങ്ങളിലാണ് അടിയന്തരമായ പരിഹാരം കാണേണ്ടതെന്ന് ദോഹയിലെ പ്രവാസി ആക്ടിവിസ്റ്റായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പരിഹാരംകാണാനായി എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും പ്രവാസികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അനിവാര്യമാണെന്ന് റഊഫ് ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലെ അര്‍ഹരായ എല്ലാ കുറഞ്ഞവരുമാനമുള്ള പ്രവാസികള്‍ക്കും അവരുടെ വരുമാനത്തിന് അനുസരിച്ച് വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ് മറ്റൊന്ന്. പ്രവാസികളുടെയോ അല്ലെങ്കില്‍ അവരുടെ കുടുംബത്തിന്റെയോ സത്യവാങ്മൂലം ഇത് നടപ്പാക്കാന്‍ കഴിയും.
 
പ്രവാസി പുനരധിവാസത്തിന് ഏകജാലക സംവിധാനവും പരിശീലനവും നടപ്പാക്കണം. സര്‍ക്കാരിന്റെ വ്യത്യസ്ത തൊഴിലധിഷ്ഠിത പദ്ധതികളില്‍ ജോലി നഷ്ടപ്പെട്ടും അല്ലാതെയും നാട്ടിലേക്ക് മടങ്ങുന്ന കുറഞ്ഞവരുമാനക്കാരായ പ്രവാസികളെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മുന്‍ഗണനയും ഉയര്‍ന്ന നിരക്കിലെ സഹായവും നല്‍കുന്നത് മുന്നോട്ടുള്ള ജീവിതത്തിന് പ്രവാസികള്‍ക്ക് ശക്തിപകരുമെന്ന് അബ്ദുല്‍ റഊഫ് ചൂണ്ടിക്കാട്ടി. പ്രവാസി സഹകരണസംഘങ്ങള്‍ക്കായി സര്‍ക്കാര്‍ സഹായവും പ്രോത്സാഹനവും വര്‍ധിപ്പിക്കണം. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നീതി സ്റ്റോറുകളും ഔഷധി കേന്ദ്രങ്ങളും തുടങ്ങാന്‍ മുന്‍ഗണന നല്‍കണം.

നിലവില്‍ നോര്‍ക്ക വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌കില്‍ അപ്ഗ്രഡേഷന്‍ കോഴ്‌സുകള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടതിന്റെ അനിവാര്യതയും അബ്ദുല്‍ റഊഫ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിലും ഈ കോഴ്‌സുകള്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഠനംതുടരാന്‍ കഴിയാതെ ജോലിയില്‍ പ്രവേശിച്ച നിരവധി പ്രവാസികള്‍ ഗള്‍ഫ് നാടുകളിലുണ്ട്. യു.ജി.സിയുടെ നിയമപ്രകാരം നിര്‍ത്തലാക്കിയ ഇന്ത്യന്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പുനരാരംഭിക്കുകയും താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് ചുരുങ്ങിയചെലവില്‍ മുടങ്ങിയ പഠനം തുടരാനുമുള്ള സാഹചര്യവും സഹായവും നല്‍കണം. കുറഞ്ഞവരുമാനമുള്ള പ്രവാസികളുടെ യാത്രാച്ചെലവ് കുറയ്ക്കാനായി ഉഡാന്‍പോലുള്ള പദ്ധതികളില്‍ അവരെയും ഉള്‍പ്പെടുത്തണം. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനം ചെലുത്താനും കൂടുതല്‍ പദ്ധതികള്‍ പ്രവാസികള്‍ക്കായി നേടിയെടുക്കാനും സംസ്ഥാനസര്‍ക്കാര്‍ സമ്മര്‍ദവും സ്വാധീനവും ഉപയോഗിക്കണമെന്നും അബ്ദുല്‍ റഊഫ് പറഞ്ഞു.

നിരവധി പ്രവാസികള്‍ പി.എസ്.സി. പരീക്ഷ എഴുതാനായി മാത്രം കേരളത്തിലേക്ക് യാത്രചെയ്യാറുണ്ട്. ഏതാനും ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയുടെ മെഡിക്കല്‍-എന്‍ജിനീയറിങ് പരീക്ഷകള്‍ നടത്തുന്നതുപോലെ പി.എസ്.സി പരീക്ഷകള്‍ക്ക് വിദേശത്തും കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് വിദ്യാസമ്പന്നരായ പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും അബ്ദുല്‍ റഊഫ് ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രധാന വേദിയായ പ്രവാസി ഭാരതീയ സമ്മേളനം എല്ലാ വര്‍ഷവും നടക്കുന്നുണ്ടെങ്കിലും പ്രധാനവിഷയങ്ങളില്‍പ്പോലും ഇനിയും പരിഹാരമായിട്ടില്ല. ഖത്തറില്‍നിന്നുള്ള 145 പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ കഴിഞ്ഞവര്‍ഷം നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും അവയെല്ലാം ചുവപ്പുനാടയില്‍ തന്നെ കുരുങ്ങി കിടക്കുകയാണ്. പ്രവാസി ഭാരതീയ സമ്മേളനം പോലെയാകാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോക കേരള സഭയിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കുമെന്ന പ്രതീക്ഷയിലാണ് ദോഹയിലെ മലയാളികള്‍.