ദോഹ: അടുത്ത രണ്ടുമാസത്തിനുള്ളില്‍ അമ്പത് ശതമാനം വ്യവസായികവളര്‍ച്ച കൈവരിക്കാമെന്ന പ്രതീക്ഷയില്‍ ഷിപ്പിങ്-ലോജിസ്റ്റിക് കമ്പനികള്‍.

രാജ്യത്തേക്കെത്തുന്ന ചരക്ക് കപ്പലുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കാമെന്ന പ്രതീക്ഷ കമ്പനികള്‍ക്ക് നല്‍കുന്നത്. ഹമദ് തുറമുഖത്തേക്ക് എത്തുന്ന മദര്‍ഷിപ്പുകളുടെ എണ്ണത്തില്‍ ഉപരോധത്തിന്റെ തുടക്കംമുതല്‍ക്കേ വര്‍ധനയുണ്ട്.
 
സൗദി സഖ്യം രാജ്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷിപ്പിങ് കമ്പനികള്‍ക്കും ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ക്കും ലോകത്താകമാനം പുതിയ ഷിപ്പിങ് റൂട്ടുകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിങ്കപ്പൂര്‍, ശ്രീലങ്കയിലെ കൊളംബോ, ഇന്ത്യയിലെ മുന്ദ്ര, നവസേവ, ചെന്നൈ തുറമുഖങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

ഖത്തറില്‍നിന്നും ഒമാനിലെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള സമുദ്ര പ്രവര്‍ത്തനങ്ങളിലും വര്‍ധനയുണ്ട്. ലോകത്തിലെ എല്ലാ സുപ്രധാന തുറമുഖങ്ങളുമായും ഹമദ് തുറമുഖത്തിന് ബന്ധമുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രധാന ഷിപ്പിങ് കമ്പനികളും ഹമദ് തുറമുഖവുമായി നേരിട്ട് സര്‍വീസ് തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഫുള്‍ കണ്ടെയ്‌നര്‍ ലോഡിന്റെയും (എഫ്.സി.എല്‍.) ലെസ് ദാന്‍ കണ്ടെയ്‌നര്‍ ലോഡിന്റെയും (എല്‍.സി.എല്‍.) പ്രവര്‍ത്തനങ്ങള്‍ പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട് വര്‍ധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് സിങ്കപ്പൂരിലേക്കും ഒമാനിലേക്കുമുള്ള കപ്പലുകളുടെ വരവോടെ ഖത്തറിലെ ലോജിസ്റ്റിക്, ഷിപ്പിങ് കമ്പനികള്‍ നേട്ടമുണ്ടാക്കുന്നുണ്ട്.
 
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പച്ചക്കറി, പഴം ഇറക്കുമതി കമ്പനികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. മഴ്‌സെക്, മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി തുടങ്ങിയ ലോകത്തിലെ മുന്‍നിര ഷിപ്പിങ് കമ്പനികളില്‍നിന്നുള്ള മദര്‍ഷിപ്പുകള്‍ ഹമദ് തുറമുഖത്ത് എത്തുന്നതിലൂടെ പ്രാദേശിക ഷിപ്പിങ്, ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ക്ക് മികച്ച ലാഭംകൊയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഈ രംഗത്തെ ജീവനക്കാര്‍ പറയുന്നു.