ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമകാര്യങ്ങളില്‍ സഹായം നല്‍കാനുള്ള സൗജന്യ നിയമ സഹായ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. ക്ലിനിക്കിന്റെ ആദ്യപരിപാടി ഇന്നലെ നടന്നു. 

തുമാമ റോഡില്‍ തൈസീര്‍ പെട്രോള്‍ സ്റ്റേഷന് പിറകിലായി പുതുതായി ഉദ്ഘാടനം ചെയ്ത ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെല്ലിലുള്ള ഐസിബിഎഫ് ഓഫീസിലാണ് ലീഗല്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. അഡ്വ.നിസാര്‍ കോച്ചേരിയും സംഘവുമാണ് ഇതിനു നേതൃത്വം നല്‍കുക. 

നിയമസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് എല്ലാ മാസത്തെയും മൂന്നാമത്തെ വ്യാഴാഴ്ച്ച വൈകീട്ട് 5 മുതല്‍ 7 വരെ നേരിട്ടെത്തി പ്രശ്നം അവതരിപ്പിക്കാം. സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 55532367 എന്ന നമ്പറില്‍ വിളിക്കാം. പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ആദ്യപരിപാടിയാണ് നടന്നത്. നിലവില്‍ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ഹൗസ് നടക്കുന്നത് മാസത്തെ നാലാമത്തെ വ്യാഴാഴ്ചയാണ്. നിയമ ക്ലിനിക് അതിനു തൊട്ടുമുമ്പുള്ള വ്യാഴാഴ്ച ആയതിനാല്‍ ക്ലിനിക്കില്‍ എത്തുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ അടുത്ത ആഴ്ച നടക്കുന്ന ഓപ്പണ്‍ഹൗസില്‍ ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്താമെന്ന സൗകര്യവുമുണ്ട്.