ദോഹ: പ്രവാസിതൊഴിലാളികളുടെ അവകാശസംരക്ഷണവും മികച്ച ജീവിതവും ഉറപ്പാക്കി രാജ്യത്തിന്റെ ഭരണനേതൃത്വം നടപ്പാക്കുന്ന തൊഴില്‍പരിഷ്‌കരണങ്ങള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ സംഘടനകളുടെ പ്രശംസ.

രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന തൊഴിലാളി പരിഷ്‌കരണങ്ങളില്‍ ഖത്തറിനെ പ്രശംസിച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ (ഐ.ടി.യു.സി.) ജനറല്‍ സെക്രട്ടറി ഷാരന്‍ ബുറൗവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെയും പിന്തുണയോടെ നടപ്പാക്കുന്ന തൊഴില്‍മന്ത്രിയുടെ നടപടികളെയും ഷാരന്‍ പ്രശംസിച്ചു. പ്രവാസിതൊഴിലാളികളുടെ ക്ഷേമനടപടികള്‍ നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ഖത്തറിന് നല്‍കും.

ഖത്തര്‍ ഭരണനേതൃത്വത്തിന്റെ ധൈര്യപൂര്‍വമായ നിലപാടുകള്‍ പിന്തുടരാന്‍ സൗദി അറേബ്യയോടും യു.എ.ഇ.യോടും ഷാരന്‍ ആഹ്വാനംചെയ്തു. പ്രവാസിതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് രാജ്യത്ത് പുതിയ വികസനത്തിന് തയ്യാറാകണമെന്നും ഇരുരാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
 
അതിനിടെ, ഖത്തറിനെതിരേ 2014-ലെ പരാതിയിലുള്ള നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ.) യുടെ തീരുമാനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തീരുമാനത്തെ ഖത്തര്‍ സ്വാഗതംചെയ്തു. രാജ്യത്ത് ആധുനിക തൊഴില്‍സംവിധാനം രൂപപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ക്കുള്ള അംഗീകാരമാണിതെന്ന് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി.

രാജ്യത്തെ പ്രവാസിതൊഴിലാളികള്‍ക്ക് താമസിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 3,40,000-ത്തോളം പ്രവാസിതൊഴിലാളികള്‍ക്കായി ഒമ്പത് പുതിയ തൊഴിലാളി സമുച്ചയങ്ങളാണ് പൂര്‍ത്തിയായിവരുന്നത്. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ മൂന്ന് പുതിയ ആസ്​പത്രികളും നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമാണ് യാഥാര്‍ഥ്യമാക്കിയത്. ഡിസംബറില്‍ നടപ്പാക്കിയ പുതിയ തൊഴില്‍നിയമത്തില്‍ കഫാല സംവിധാനം എടുത്തുകളയുകയും തൊഴിലാളികള്‍ക്കായി വേതന സംരക്ഷണ സംവിധാനം നടപ്പാക്കുകയുംചെയ്തിരുന്നു.

തൊഴിലാളികളുടെ വേതനക്കുടിശ്ശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് തൊഴിലാളി ഇന്‍ഷുറന്‍സ് ഫണ്ടിനും മന്ത്രിസഭ അനുമതിനല്‍കിയിരുന്നു. പ്രവാസിതൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് വിദേശരാജ്യങ്ങളുമായി 36 കരാറുകള്‍ ഒപ്പുവെച്ചതായി തൊഴില്‍മന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍ നുഐമി വെളിപ്പെടുത്തിയിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ഐ.ടി.യു.സി. തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് രാജ്യം തൊഴില്‍ക്ഷേമ നടപടികള്‍ നടപ്പാക്കുന്നത്.