ദോഹ: വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടാണ് യു.പി.യില്‍ ബി.ജെ.പി. വിജയം നേടിയതെന്ന് മുസ്ലിം ലീഗ് അഖിലേന്താ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയശേഷം ആദ്യമായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയപരമായ അന്തരീക്ഷം സൃഷ്ടിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പില്‍ വിജയം നേടിയത് താത്കാലികമാകാമെന്നും അദ്ദേഹം പറഞ്ഞു.
 
ദളിത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍പോലും ബി.ജെ.പി. മുന്നേറിയതിന്റെ കാരണം വര്‍ഗീയ പ്രചാരണവും മതേതരകക്ഷികളുടെ വോട്ടുകള്‍ ഭിന്നിച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു.

മതേതര കക്ഷികളുടെ ഭിന്നിപ്പാണ് ബി.ജെ.പി.ക്ക് ഗുണകരമാകുന്നത്. ഭിന്നിപ്പ് മാറി മതേതര കക്ഷികള്‍ ഒരുമിക്കുമ്പോള്‍ ബി.ജെ.പി. ഇല്ലാതാകുമെന്നും ഇന്ത്യന്‍ രാഷ്ട്രീയം മതേതര കക്ഷികളുടെ കയ്യില്‍ ഭദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മതേതരശക്തികളെ കൂട്ടിയോജിപ്പിക്കാന്‍ തനിക്ക് കഴിയാവുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതേതര കക്ഷികള്‍ക്ക് ഐക്യമില്ലാതിരുന്നതാണ് ബി.ജെ.പി. മുന്നേറ്റത്തിന് കാരണമെന്ന യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് മതേതര ശക്തികള്‍ ഒന്നിക്കണം. അല്ലാത്തപക്ഷം ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഉന്നയിക്കുന്ന പ്രധാന വിഷയം ഫാസിസ്റ്റ് ഭീഷണിയാണ്.
 
ഫാസിസ്റ്റ് ഭീഷണിക്കെതിരെ അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ കഴിയുന്നത് താന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദളിത്, അവശ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ കൂട്ടായ്മക്കേ ഇന്ത്യയില്‍ മതേതരത്വ സംരക്ഷണം സാധ്യമാകുകയുള്ളു. ലീഗ് അതിന് മുന്‍കൈയെടുക്കും. കെ.എം. മാണി തിരിച്ച് സജീവ രാഷ്ട്രീയത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, കെ.എം.സി.സി. ഭാരവാഹികളായ എസ്.എ.എം. ബഷീര്‍, അബ്ദുനാസ്സര്‍ നാച്ചി എന്നിവരും പങ്കെടുത്തു.