ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഡി.എഫ്.ഐ.) നാലാമത് ഖുറ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി.

സൂഖ് വാഖിഫിലും മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിലുമായി പതിനേഴ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മോഡേണ്‍ മാസ്റ്റര്‍ പ്രദര്‍ശനത്തില്‍ ദക്ഷിണകൊറിയന്‍ ചിത്രമായ ഒക്ജ, യങ് വിക്ടോറിയ, ഫയര്‍ അറ്റ് സീ, ഹണ്ടിങ് സീസണ്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. 150-തിലധികം അന്താരാഷ്ട്ര ചലച്ചിത്ര വിദഗ്ധരാണ് മാര്‍ച്ച് പതിനാല് വരെ നീളുന്ന ഖുറയില്‍ പങ്കെടുക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ പ്രതിനിധികള്‍, ചലച്ചിത്ര നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍, സാംസ്‌കാരിക, ചലച്ചിത്ര ഫണ്ടിങ് ഏജന്‍സികള്‍ എന്നിവര്‍ക്കൊപ്പം മുംബൈ ചലച്ചിത്ര മേളയിലെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. 25 രാജ്യങ്ങളില്‍ നിന്നായി 34 പദ്ധതികളാണ് ഖുറയില്‍ പങ്കെടുക്കുന്നത്. വിവിധ നിര്‍മാണ ഘട്ടങ്ങളിലുള്ള ചലച്ചിത്ര പദ്ധതികളാണ് ഖുംറയിലുണ്ടാവുക. സിനിമകള്‍ പൂര്‍ത്തിയാക്കി അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുന്നതിനായി നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും അവസരം നല്‍കുകയാണ് ഖുംറയുടെ ലക്ഷ്യം. ചലച്ചിത്ര നിര്‍മാണത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ വിഖ്യാതരായ സംവിധായകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും യുവ സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും.

വെനീസ് ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം സ്വന്തമാക്കിയ റഷ്യന്‍ സംവിധായകന്‍ ആന്‍ഡ്രെ സിയാജിന്റ്‌സെവ്, കാന്‍ ചലച്ചിത്ര മേളയിലെ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ തായ് സിനിമാ നിര്‍മാതാവ് അപിചാറ്റ്‌പോങ് വീരാസെതകുല്‍, ബെര്‍ലിനാലെ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഇറ്റാലിയന്‍ ഡയരക്ടര്‍ ഗ്ലാന്‍ഫ്രാന്‍കോ റോസി, ഒസ്‌കാര്‍ ജേതാവായ ബ്രിട്ടീഷ് കോസ്റ്റിയൂം ഡിസൈനര്‍ സാന്‍ഡി പൗവെല്‍, ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച ഡയരക്ടര്‍ ബെന്നറ്റ് മില്ലര്‍ എന്നിവരാണ് ഇത്തവണത്തെ ഖുറ മാസ്റ്റര്‍മാര്‍.

മേളയിലേക്കുള്ള പാസിന് 500 റിയാലാണ് നിരക്ക്. ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക കാര്‍ഡുള്ളവര്‍ക്ക് 350 റിയാലിന് ടിക്കറ്റ് ലഭിക്കും. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മേളയില്‍ പ്രവേശനമുണ്ട്.