ദോഹ: കര്‍മ്മനൈരന്തര്യത്തിന്റെ നാല് പതിറ്റാണ്ട് എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിപുലമായ പദ്ധതികള്‍ക്കു രൂപം നല്‍കി. 

സാമൂഹ്യ ക്ഷേമം, ധാര്‍മ്മിക ബോധനം വിദ്യാഭ്യാസം, കുടുംബക്ഷേമം, ആരോഗ്യ ബോധവത്കരണം തുടങ്ങിയ മേഖലകളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.

വിദ്യാഭ്യാസ പ്രദര്‍ശനം, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, പ്രവാസി ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ക്യാമ്പ്, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ജനുവരിയില്‍ കമ്മ്യൂണിറ്റി ലീഡേഴ്‌സ്മീറ്റ് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. നാട്ടിലെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

മദീന ഖലീഫ നോര്‍ത്തിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത്വെച്ച് നടന്ന പരിപാടിയില്‍ നാല്‍പതാം വാര്‍ഷിക ലോഗോയും പ്രകാശനം ചെയ്തു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹ്മദ്കുട്ടി മദനിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. സാമൂഹ്യ നവോത്ഥാന രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ സംഘടനകളില്‍ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ദേശ ഭാഷകള്‍ക്കപ്പുറം മുഴുവന്‍ പ്രവാസി ഇന്ത്യക്കാരുടെയും കേന്ദ്രമായി മാറാന്‍ ഈ നാല്‍പതാം വര്‍ഷത്തില്‍ ഇസ്ലാഹി സെന്ററിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

1981 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ഭാരവാഹികളായ എം.ടി നാസറുദ്ദീന്‍, സിറാജ് ഇരിട്ടി, അബ്ദുല്‍ നസീര്‍ പാനൂര്‍, അബ്ദുല്‍ ലത്തീഫ് നല്ലളം, മുജീബ് മദനി, അബ്ദുല്‍ വഹാബ് പി.സെഡ്, മുജീബ് കുനിയില്‍, റിയാസ് വാണിമേല്‍, അസ്ലം മാഹി എന്നിവര്‍ സംസാരിച്ചു.