ദോഹ: കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്.) സംഘടിപ്പിക്കുന്ന 33-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച വ്യവസായ മേഖലയിലെ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്ത്യന്‍ സ്ഥാനപതിക്കൊപ്പം എംബസി തേഡ് സെക്രട്ടറി ഡോ. മുഹമ്മദ് അലീമും പങ്കെടുക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത് നാലാമത്തെ ക്യാമ്പാണ് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കായി സംഘടിപ്പിക്കുന്നത്. ക്യാമ്പിലെത്തുന്നവര്‍ക്ക് തുടര്‍ ച്ചികിത്സയും ഉറപ്പാക്കുന്നുണ്ട്. സാംസ്‌കാരിക സംഘടനയായ മ്യൂസിക് ലവേഴ്‌സ് ഗ്രൂപ്പാണ് ക്യാമ്പിലെത്തുന്നവര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നത്.

സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഐ.സി.ബി.എഫ്. ഭാരവാഹികളായ ഡേവിസ് ഇടക്കളത്തൂര്‍, പി.എന്‍. ബാബുരാജന്‍, മാലാകൃഷ്ണന്‍, ഡോ. നിത്യാനന്ദ് സ്വാമി എന്നിവര്‍ പങ്കെടുത്തു.