ദോഹ: ഇന്നും നാളെയും ഖത്തറിലെ അന്തരീക്ഷ ഊഷ്മാവില്‍ കാര്യമായ വര്‍ധനയുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശരാശരിയില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ദോഹയില്‍ പരമാവധി താപ നില 45 ഡിഗ്രിയിലെത്തും. മധ്യ, ദക്ഷിണ മേഖലകളില്‍ ചൂട് ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ചൂട് കൂടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നേരത്തേ കാലാവസ്ഥാ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പുറത്ത് കറങ്ങുന്നതും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും ഒഴിവാക്കുക, നേരിയതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തി പോവാതിരിക്കുക, പുറം പണിയെടുക്കുന്നവര്‍ ഇടയ്ക്ക് തണലില്‍ വിശ്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.