ദോഹ: രാജ്യത്തെ അംഗപരിമിതര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കാനായി പ്രത്യേകവാഹനം ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് പുറത്തിറക്കി.

ഡള്ള ഡ്രൈവിങ് അക്കാദമിയിലാണ് വാഹനവ്യൂഹം പുറത്തിറക്കിയത്. പരീക്ഷാമുറിയില്‍ പോകാതെ തന്നെ കാറിനുള്ളില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ഐപാഡ് സേവനവും ഇതോടൊപ്പം പുറത്തിറക്കി. ഏത് സ്ഥലത്ത് നിന്നും പരീക്ഷയില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്.
 
മേഖലയില്‍ ഇതാദ്യമായാണ് അംഗപരിമിതര്‍ക്കായി ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിയമപ്രകാരം അംഗപരിമിതര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉറപ്പാക്കുന്നതാണ് പുതിയ നടപടി.

കാല്‍പാദം ഉപയോഗിക്കാതെ തന്നെ വാഹനം ഓടിക്കാനുള്ള പ്രത്യേക സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് വാഹനം അംഗപരിമിതര്‍ക്കുള്ളതാണെന്ന് തിരിച്ചറിയാനുള്ള ബോര്‍ഡും കാറിലുണ്ടാകും.
 
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തങ്ങളുടെ സ്വകാര്യകാറുകളിലും ഇത്തരം സംവിധാനങ്ങള്‍ ക്രമീകരിച്ചുകൊടുക്കുകയും ചെയ്യും.