ദോഹ: രാജ്യത്തുനിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവാകാശ കമ്മിഷനെ സമീപിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എന്‍.എച്ച്.ആര്‍.സി.).

ഖത്തറില്‍നിന്നുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാതിരിക്കുക, ഖത്തറില്‍നിന്നുള്ള തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സൗകര്യങ്ങള്‍ നല്‍കാതിരിക്കുക എന്നിവ സംഭവിച്ചാല്‍ രാജ്യത്തിന്റെ ആശങ്ക മനുഷ്യാവകാശ കമ്മിഷനെ അറിയിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. മതവിശ്വാസത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പ്രത്യേക വക്താക്കളായ യുനെസ്‌കോയെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളെയും കമ്മിറ്റി സമീപിക്കും.

ഏത് സാഹചര്യത്തിലായാലും മതപരമായ ചടങ്ങുകളില്‍നിന്നും ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്നും മുസ്ലിങ്ങളെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഖത്തറിന് എതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ കര, സമുദ്ര, വ്യോമ അതിര്‍ത്തികളും അടച്ചിരുന്നു. ദോഹയിലെ സൗദി എംബസിയും പൂട്ടി. റംസാനില്‍ മക്കയിലെ ഉംറ തീര്‍ഥാടനത്തിനായി പോയ ഖത്തറി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വളരെ മോശം അനുഭവമാണ് സൗദി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്മിറ്റി വെളിപ്പെടുത്തി.

ഖത്തറി പൗരന്മാര്‍ക്കെതിരെ പ്രചാരണം നടക്കുക, സാമ്പത്തിക ഇടപാടുകള്‍ വിലക്കുക, സൗദി അറേബ്യയില്‍ ഖത്തറി കറന്‍സി വിലക്കുക തുടങ്ങിയവ മനുഷ്യാവകാശത്തിലെ അറബ് ചാര്‍ട്ടറിലെ മുപ്പതാംവകുപ്പ്, മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക പ്രഖ്യാപനത്തിലെ 18-ാം വകുപ്പ്, സിവില്‍-രാഷ്ട്രീയ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയിലെ 18-ാം വകുപ്പ്, ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആറാം വകുപ്പ് എന്നിവയുടെ കടുത്ത ലംഘനമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

അതേസമയം ഈവര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയുമോയെന്ന കടുത്ത ആശങ്കയിലാണ് രാജ്യത്തെ പ്രവാസികളും പൗരന്മാരും. ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഓഗസ്റ്റ് അവസാനം മുതല്‍ക്കാണ് ഹജ്ജ് യാത്ര തുടങ്ങുന്നത്. എന്നാല്‍ ഇതുവരെയും ഹജ്ജ് യാത്ര സംബന്ധിച്ച് സൗദി അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല. ഖത്തറി ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ് കമ്മിറ്റി രാജ്യത്തെ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ചര്‍ച്ചനടത്തിയിരുന്നു. ഉന്നത അധികൃതരില്‍ നിന്ന് ഹജ്ജ് യാത്ര സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ അറിയിക്കുമെന്ന് മന്ത്രാലയം പ്രതിനിധികളും നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റംസാനില്‍ ഉംറ നിര്‍വഹിക്കാന്‍ പോയ ഖത്തറി തീര്‍ഥാടകരോട് സൗദി അധികൃതര്‍ വളരെ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ ഹജ്ജ് യാത്ര നടത്തുന്നതിലെ സുരക്ഷിതത്വം സംബന്ധിച്ചുള്ള ആശങ്കയും ഏജന്‍സികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഒട്ടുമിക്കവരും ഹജ്ജ് യാത്രയില്‍നിന്ന് പിന്‍മാറിയിട്ടുണ്ട്. മന്ത്രാലയം എടുക്കുന്ന തീരുമാനം എന്തായാലും അതിനെ പൂര്‍ണമായും പിന്തുണക്കുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.