ദോഹ: ഗള്‍ഫ് സഹകരണകൗണ്‍സിലിന്റെ (ജി.സി.സി.) വിഘടനത്തിന് സൗദി അറേബ്യയും സഖ്യകക്ഷികളുമാണ് ഉത്തരവാദികളെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുമായി ദോഹയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുനിരത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധിപരിഹരിക്കാനുള്ള സംവാദം സൗദി സഖ്യം നിരസിക്കുകയാണ്. ജി.സി.സി.യെ ബാധിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സൗദി സഖ്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
കൂട്ടായ സുരക്ഷാസംവിധാനം എന്നനിലയിലുള്ള ജി.സി.സി.യുടെ വിഘടനത്തിന്റെ ഉത്തരവാദിത്വം സൗദി സഖ്യത്തിനാണ്. പ്രതിസന്ധിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനുള്ള അവരുടെ കഴിവില്ലായ്മയാണ് പരാജയത്തിലൂടെ പ്രതിഫലിക്കുന്നത്. ഗള്‍ഫ് പ്രതിസന്ധിമൂലം ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയില്‍ കുറവുവന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
 
തീവ്രവാദത്തിനെതിരേയുള്ള അന്താരാഷ്ട്രശ്രമങ്ങളേയും മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ഗള്‍ഫ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. സംവാദത്തിലൂടെ പ്രതിസന്ധിപരിഹരിക്കാനും ആരോപണങ്ങള്‍ തെളിയിക്കാനും ഖത്തറിനെ ഇല്ലാതാക്കാന്‍ വേണ്ടി പണം നിക്ഷേപിക്കേണ്ടെന്നും ആഹ്വാനം ചെയ്തതായും ശൈഖ് മുഹമ്മദ് പറഞ്ഞു.

സൗദി സഖ്യ രാജ്യങ്ങള്‍ കര്‍ക്കശസ്വഭാവം മാറ്റുമെന്നും പ്രതിസന്ധിപരിഹരിക്കാന്‍ സംവാദത്തിന് തയ്യാറാകുമെന്നുമാണ് പ്രതീക്ഷയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പ്രതിസന്ധിയെ രാജ്യം അതിജീവിച്ചു. എന്നാല്‍ ഖത്തറി ജനങ്ങള്‍ക്കെതിരേയുള്ള അവകാശലംഘനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറി പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള ബഹ്‌റൈന്‍ തീരുമാനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
 
ബഹ്‌റൈന്‍ നിഷ്ഫലരാണെന്നും തീരുമാനം അവരുടേതല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സൗദി സഖ്യത്തിന്റെ ഉപരോധത്തില്‍ പിന്തുണ നല്‍കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ വ്യക്തമായ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറാഖിന്റെ എംബസി തുറന്നതും ഇറാഖില്‍ ഖത്തറി സ്ഥാനപതിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍-ഇറാഖ് ബന്ധത്തില്‍ പുതിയ തുടക്കമിട്ടാണ് നടപടി. തീവ്രവാദത്തിനെതിരേയുള്ള ഇറാഖിന്റെ പോരാട്ടത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ പുനര്‍നിര്‍മാണ ശ്രമങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്കും ഖത്തര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

അതേസമയം, രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനോട് അനുകൂലിക്കാന്‍ കഴിയില്ലെന്ന് ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരി പറഞ്ഞു. ഒറ്റപ്പെടലില്‍നിന്നും ഐക്യത്തിലേക്ക് എത്താനുള്ള ഏകമാര്‍ഗം സംവാദമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങളുമായുള്ള സഹോദരബന്ധം നിലനിര്‍ത്തണമെന്നും ജാഫരി ആഹ്വാനംചെയ്തു. ദോഹ സന്ദര്‍ശനം ഖത്തറുമായുള്ള രാഷ്ട്രീയ, സാമ്പത്തികബന്ധം ശക്തമാക്കുമെന്നും ജാഫരി പറഞ്ഞു. രാഷ്ട്രീയം, സാമ്പത്തികം, സുരക്ഷ എന്നീ കാര്യങ്ങളിലാണ് ഖത്തറും ഇറാഖും ഐക്യം പുലര്‍ത്തുന്നത്. ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തില്‍ മാത്രമല്ല ഖത്തറിന്റെ നേതൃത്വത്തില്‍ മേഖലയിലെ എല്ലാ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കാനാണ് ഇറാഖ് ശ്രദ്ധചെലുത്തുന്നതെന്നും ജാഫരി പറഞ്ഞു.