ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി കുവൈത്ത്-യു.എസ്. സഖ്യത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

മധ്യസ്ഥചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടാനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ നിര്‍ദേശപ്രകാരം ഗള്‍ഫ് ദൗത്യമേറ്റെടുത്ത രണ്ടംഗ നയതന്ത്രസംഘം തിങ്കളാഴ്ച രാത്രിയോടെ കുവൈത്തിലെത്തിയിരുന്നു. യു.എസ്. മുന്‍ സെന്‍ട്രല്‍ കമാന്‍ഡ് റിട്ട. ജനറല്‍ അന്‍തോണി സിന്നി, യു.എസ്. സ്റ്റേറ്റ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തിമോതി ലെന്‍ഡര്‍കിങ് എന്നിവരാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി കുവൈത്തിലെത്തിയത്. നിലവില്‍ സൗദി സഖ്യം മുന്നോട്ടുവെച്ച പതിമ്മൂന്ന് ഉപാധികളില്‍നിന്ന് ശ്രദ്ധമാറ്റി ടില്ലേഴ്‌സന്റെ പുതിയ പരിഹാരനിര്‍ദേശം നടപ്പാക്കാനുള്ള ശ്രമത്തിലാണ് യു.എസ്. സംഘം.

ടില്ലേഴ്‌സന്റെ പുതിയ പരിഹാര നിര്‍ദേശത്തിനൊപ്പം തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടമുള്‍പ്പെടെ സൗദിസഖ്യം നേരത്തെ മുന്നോട്ടുവെച്ച ആറ് തത്ത്വങ്ങളും അടിസ്ഥാനമാക്കിയുള്ള പരിഹാരമാണ് യു.എസ്. സംഘം ലക്ഷ്യമിടുന്നത്.

അല്‍ജസീറ അടച്ചുപൂട്ടുക, ദോഹയിലെ തുര്‍ക്കി സൈനികതാവളം നിര്‍ത്തലാക്കുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ പതിമ്മൂന്ന് ഉപാധികളാണ് ജൂണ്‍ 22-ന് സൗദിസഖ്യം മുന്നോട്ടു വെച്ചത്. എന്നാല്‍ ഉപാധികള്‍ അപ്രയോഗികമാണെന്ന് അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ദുര്‍ബലപ്പെടുത്തുന്ന ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഖത്തറും വ്യക്തമാക്കിയിരുന്നു.

ആദ്യം മുന്നോട്ടുവെച്ച പതിമ്മൂന്ന് ഉപാധികള്‍ ലഘൂകരിച്ചാണ് സൗദിസഖ്യം ജൂലായില്‍ ആറ് തത്ത്വങ്ങള്‍ മുന്നോട്ടുവെച്ചത്. തീവ്രവാദ ധനസഹായവും താവളവും പ്രതിരോധിക്കാനുള്ള പ്രതിജ്ഞാബദ്ധത, അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുക, 2013-ലെ റിയാദ് കരാറും 2014-ലെ അനുബന്ധ കരാറും പാലിക്കുക, മേയില്‍ നടന്ന അറബ്-ഇസ്ലാമിക്-അമേരിക്കന്‍ ഉച്ചകോടിയിലെ ശുപാര്‍ശകള്‍ പാലിക്കുക, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുക, അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുളവാക്കുന്ന എല്ലാത്തരം തീവ്രവാദത്തേയും എതിര്‍ക്കാന്‍ എല്ലാരാജ്യങ്ങളും ബാധ്യസ്ഥരാണ് തുടങ്ങി ആറ് തത്ത്വങ്ങളാണ് ജൂലായ് മധ്യത്തില്‍ സൗദിസഖ്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞമാസം ഗള്‍ഫ് പര്യടനത്തിനെത്തിയ ടില്ലേഴ്‌സണ്‍ പ്രശ്‌നപരിഹാരത്തിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. പരസ്​പര ബഹുമാനത്തോടെ നേരിട്ടുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള നിര്‍ദേശമാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഇവ അംഗീകരിക്കാന്‍ സൗദി സഖ്യം തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നേരിട്ട് സൗദിസഖ്യത്തിനുമേല്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നപരിഹാരത്തിനായി രണ്ടംഗസംഘത്തെ ടില്ലേഴ്‌സണ്‍ നിയോഗിച്ചത്. കുവൈത്ത് അമീറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. അതിനിടെ പ്രതിസന്ധിസംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി കുവൈത്ത് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ കത്ത് കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് സബാ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാ ചൊവ്വാഴ്ച സൗദി, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങളിലെ അധികൃതര്‍ക്ക് നേരിട്ട് കൈമാറിയിരുന്നു.

കുവൈത്ത് അധികൃതരുമായുള്ള ചര്‍ച്ചയ്ക്കുശേഷം യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങളിലേക്കാകും യു.എസ്. സംഘത്തിന്റെ സന്ദര്‍ശനം. അതിനുശേഷമേ ഖത്തറിലെത്തുകയുള്ളൂവെന്നാണ് സൂചന. യു.എസ്. സംഘത്തിന്റെ വരവോടെ സംവാദത്തിലേക്കുള്ള വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. അതിനിടെ ഐക്യരാഷ്ട്രസഭയിലെ വ്യോമയാന ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം ഖത്തറി വിമാനങ്ങള്‍ക്ക് ബഹ്‌റൈന്‍ വ്യോമപാതയില്‍ തിങ്കളാഴ്ച മുതല്‍ ഇളവ് നല്‍കിയിരുന്നു. ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധം രണ്ട് മാസം പിന്നിടുമ്പോള്‍ പ്രതിസന്ധി ലഘൂകരിച്ചുകൊണ്ടുള്ള ആദ്യ നടപടികൂടിയാണ് വ്യോമപാതയിലെ ഇളവ്.