ദോഹ: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ താമസസ്ഥലത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭിക്കും.
തൊഴില്‍ മന്ത്രാലയത്തിന്റെയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ ബെറ്റര്‍ കണക്ഷന്‍ പദ്ധതിയിലൂടെയാണ് പുതിയ സേവനം നടപ്പാക്കുന്നത്.
 
ഓണ്‍ലൈന്‍ സാങ്കേതികവിദ്യയുടെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. തൊഴിലാളികള്‍ക്ക് അടിസ്ഥാന ഐ.സി.ടി. പരിശീലനം നല്‍കുന്നതിനൊപ്പം സാമൂഹിക മാധ്യമ വേദികളില്‍ അവരെ പരിചയപ്പെടുത്തുകയും ചെയ്യാന്‍ ഇതുവഴി കഴിയുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.

റീച്ച് ഔട്ട് ടു ഏഷ്യ, ശൈഖ് താനി ഇബ്ന്‍ അബ്ദുല്ല ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്), ഉരീദു എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഗ്രീന്‍ കമ്പ്യൂട്ടര്‍ ക്ലബ്ബ് വിവിധ സര്‍ക്കാര്‍, സ്വകാര്യ സംഘടനകള്‍ സംഭാവന നല്‍കിയ 15,000 ഓളം കമ്പ്യൂട്ടറുകള്‍ നവീകരിക്കും. തുടര്‍ന്ന് തൊഴിലുടമകളുടെ സഹകരണത്തോടെ തൊഴിലാളി പാര്‍പ്പിട സമുച്ചയങ്ങളില്‍ 1,500 ഐ.സി.ടി. സൗകര്യം സ്ഥാപിക്കും.
 
ഇന്റര്‍നെറ്റ് സൗകര്യത്തോടുള്ള കുറഞ്ഞത് പത്ത് കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു ഐ.സി.ടി. സൗകര്യം. പതിനഞ്ച് ലക്ഷത്തോളം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള പരിശീലനം നല്‍കും. പ്രവാസി തൊഴിലാളികളുള്ള തൊഴിലുടമകള്‍ പദ്ധതിയില്‍ ചേരാനും മന്ത്രാലയം ആഹ്വാനം ചെയ്തു. തൊഴിലുടമ ലേബര്‍ ക്യാമ്പുകളില്‍ കമ്പ്യൂട്ടറിനായി പ്രത്യേക മുറി, വൈദ്യുതി, ശുചീകരിക്കാനും അറ്റകുറ്റപ്പണിക്കായുമുള്ള സൗകര്യം, ഫര്‍ണീച്ചര്‍ എന്നിവ നല്‍കണം.

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

പദ്ധതിക്കായി 2017-18 വര്‍ഷത്തില്‍ 750 ഓളം സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കാനാണ് തീരുമാനം. ഇവര്‍ക്ക് ഗ്രീന്‍ കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗത്വം നല്‍കുകയും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. സാങ്കേതിക പരിജ്ഞാനമുള്ള പ്രവര്‍ത്തകര്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരായിരിക്കണം. കൂടാതെ ഹിന്ദി, നേപ്പാളി, ബംഗാളി, സിംഹള, തമിഴ്, ഉറുദു, ഫിലിപ്പിനോ എന്നിവയില്‍ ഏതെങ്കിലും ഒരു ഭാഷ കൂടി അറിഞ്ഞിരിക്കണം.

നവീകരിച്ച കമ്പ്യൂട്ടറുകളില്‍ ഐ.സി.ടി സൗകര്യം സ്ഥാപിച്ചാല്‍ അടിസ്ഥാന ഐ.സി.ടി. കഴിവുകളുള്ള തൊഴിലാളികളെ കണ്ടെത്തി അവര്‍ക്കാകും ആദ്യം പരിശീലനം നല്‍കുക.