ദോഹ: യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച ഫൂട്ട്‌സാല 2019 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍  അത്‌ലറ്റിക്കൊ ഡി ഖത്തര്‍ ജേതാക്കളായി. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ എഫ് സി കൊച്ചിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ്  അത്‌ലറ്റിക്കൊ ഡി ഖത്തര്‍ കപ്പില്‍ മുത്തമിട്ടത്. വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ സോക്കര്‍ എഫ്‌സിയെയും ഫ്രൈഡേ എഫ്‌സിയെയും തോല്‍പ്പിച്ചാണ് ടീമുകള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.   ഇന്ത്യയുടെ രാജ്യാന്തര അത്‌ലറ്റിക് താരവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ എം.പി ജാബിറിന്റെ കിക്കോഫോടെ ആരംഭിച്ച  ചാമ്പ്യന്‍ഷിപ്പില്‍ ദോഹയിലെ 29 പ്രമുഖ ടീമുകള്‍ പങ്കെടുത്തു.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അത്‌ലറ്റികോ ഡി ഖത്തറിന്റെ അമീനെ തിരഞ്ഞെടുത്തു.

സമാപന ചടങ്ങില്‍ യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് ജംഷീദ് ഇബ്രാഹീം, ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര്‍ ഷമീം ഉസ്മാന്‍ എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ കൈമാറി. സപ്പോര്‍ട്ടിംഗ് സ്‌പോണ്‍സര്‍ ഫാസ്റ്റ് ട്രാക്ക് ഓട്ടോ പാര്‍ട്ട്‌സ് മനേജര്‍ നിയാസ്, മെഡിക്കല്‍ പാര്‍ട്ട്ണര്‍ ഇമാറാ മെഡിക്കല്‍സ് മാനേജര്‍ അമീന്‍ അന്നാര യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഹാരിസ് പുതുക്കൂല്‍, വൈസ് പ്രസിഡന്റ് ഷബീര്‍ ഒതളൂര്‍, യൂത്ത് ഫോറം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷഫീഖ് അലി, ഇവന്റ് കണ്‍വീനര്‍ ഹാമിദ് അലി തുടങ്ങിയവര്‍ പങ്കെടുക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങളായ മൂമിന്‍, ഷിബ് ലു റഹ്മാന്‍, ഷമീര്‍, ഹക്കീം, ഹബീബ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.