ദോഹ: ദോഹ സ്റ്റുഡന്റസ് കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്റ്റുഡന്റ്‌സ് ഇന്ത്യ കപ്പ്' ഏകദിന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ബര്‍വ സിറ്റിയിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റില്‍ ദോഹയിലെ പ്രമുഖ എട്ട് ഇന്ത്യന്‍ സ്‌കൂള്‍ടീമുകള്‍ പങ്കെടുത്തു.

മത്സരത്തില്‍ നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ജേതാക്കളായി. ബിര്‍ള പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ എം. ഇ. എസ് ഇന്ത്യന്‍ സ്‌കൂളും ഡല്‍ഹി പബ്ലിക് സ്‌കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.

ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി യൂത്ത് ഫോറം, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ സ്റ്റുഡന്‍സ് ഇന്ത്യയും ഗേള്‍സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി), ഫ്രണ്ട്‌സ് ഓഫ് എന്‍വയോണ്മെന്റ് സെന്റര്‍, സേവ് ദി ഡ്രീം എന്നിവരാണ് സമ്മേളനത്തട്ടിന്റെ സ്ട്രാറ്റജിക് പാര്‍ട്‌ണേഴ്‌സ്. നവംബര്‍ 22 വെള്ളി ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നാല് മുതല്‍ ഒമ്പത് മണി വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.