ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ പതിമൂന്നാം പതിപ്പ് ടൂര്‍ണമെന്റിന്റെ ആവേശകരമായ ഉദ്ഘാടന ദിവസത്തിലെ രണ്ടാം മത്സരത്തില്‍ കെ.എം.സി.സി.മലപ്പുറം മാക് കോഴിക്കോടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കളിയുടെ ഒന്നാം പകുതി അവസാനിച്ചപ്പോള്‍ ഏകപക്ഷീയമായ ഒരുഗോളിന് മലപ്പുറം മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഇരു ടീമുകളും കാല്‍പന്തുകളിയുടെ കാല്‍പനിക സൗന്ദര്യം പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു. തിരിച്ചടിക്കാന്‍ കോഴിക്കോട് പതിനെട്ടടവുകളും പയറ്റിയെങ്കിലും മത്സരത്തിന്റെ ആഡ് ഓണ്‍ ടൈമില്‍ ഒരു ഗോളു കൂടി സ്‌കോര്‍ ചെയ്ത് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മത്സരം അവസാനിച്ചപ്പോള്‍ സ്‌കോര്‍ബോഡില്‍ 2-0. മലപ്പുറത്തിനുവേണ്ടി വിഷ്ണുവും സുധീഷും ഗോളുകള്‍ നേടി.