ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജിയണല്‍ മീറ്റുകള്‍ക്ക് തുടക്കമായി. 'ടുഗെതര്‍, ബിയോണ്ട് ബൗണ്ടറീസ്' എന്ന തീമില്‍ സംഘടിപ്പിക്കപ്പെട്ട മീറ്റുകള്‍ വിവിധ രാജ്യങ്ങളിലെ ഫോക്കസ് കേന്ദ്രങ്ങളില്‍ ഒരേ ദിവസമാണ് നടന്നത്.

യുവാക്കളുടെ കര്‍മ്മശേഷി ക്രിയാത്മകമായി ഉപയോഗിക്കുക വഴി സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 2005 ല്‍ ഖത്തറില്‍ രൂപീകൃതമായ യുവജന സംഘമാണ് ഫോക്കസ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ജി സി സി യിലും ഇന്ത്യയിലുമടക്കം വിവിധ റീജിയണുകളില്‍ ഫോക്കസ് ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു. പുതിയ കാലത്തിന്റെ ചിന്തയും കാഴ്ചപ്പാടുകളും മുഖമുദ്രയാക്കി ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ ഫോക്കസ് മീറ്റുകള്‍ ഒരേ ദിവസം നടന്നത്. 

ഖത്തര്‍, കുവൈത്ത്, യു എ ഇ, ഒമാന്‍, ഇന്ത്യ എന്നീ റീജിയനുകളിലെ മീറ്റുകള്‍ വെള്ളിയാഴ്ചയും സൗദി റീജിയണല്‍ മീറ്റ് തിങ്കളാഴ്ചയും നടന്നു.

ഹിലാലിലെ ഫോക്കസ് ആസ്ഥാനമായ ഫോക്കസ് വില്ലയില്‍ നടന്ന ഖത്തര്‍ റീജിയണല്‍ മീറ്റില്‍ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍ട്ടിയായിരുന്ന ഡോ.അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു.

പുതിയ കാലത്തിന്റെ യുവതയുടെ സ്വപ്നങ്ങള്‍ മനുഷ്യത്വത്തിലൂന്നി നിന്നാവണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു, സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന മീറ്റില്‍ ഫോക്കസിന്റെ ഖത്തര്‍ റീജിയണല്‍ സി.ഇ.ഒ. അഷ്ഹദ് ഫൈസി അധ്യക്ഷത വഹിച്ചു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി സി.ഇ.ഒയും ഗ്ലോബല്‍ മെമ്പര്‍ഷിപ് കാമ്പയിന്‍ കണ്‍വീനറുമായ ഷബീര്‍ വെള്ളാടത്ത് ഫോക്കസ് ഗ്ലോബല്‍ വിഷന്‍ അവതരിപ്പിച്ചു. ഖത്തര്‍ റീജിയണല്‍ അഡ്മിന്‍ കോര്‍ഡിനേറ്റര്‍ അമീനു റഹ്മാന്‍, ഖത്തര്‍ റീജിയണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.നിഷാന്‍ എന്നിവര്‍ സംസാരിച്ചു.