ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്റ്റക്ക് ഒക്ടോബര്‍ 25 ന് തുടക്കമാകും. നാല് ദിവസങ്ങളായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് സമൂഹങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. കെ.ജി.(ഒന്ന് & രണ്ട്), സബ് ജൂനിയര്‍ (ഗ്രേഡ് ഒന്ന്, രണ്ട്), ജൂനിയര്‍ (ഗ്രേഡ് മൂന്ന്, നാല്, അഞ്ച്), പ്രീ-സീനിയര്‍ (ആറ്, ഏഴ്, എട്ട്), സീനിയര്‍ (ഗ്രേഡ് ഒന്‍പത്, പത്ത്, 11, 12) എന്നീ വിഭാഗങ്ങളിലാണ് മത്സരം. 27 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഖത്തറിലെ മുപ്പതോളം സ്‌കൂളുകള്‍ പങ്കെടുക്കും.

കെ.ജി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ജോയിന്‍ ദ ഡോട്ട്, കളര്‍, ആക്ഷന്‍ സോങ് എന്നീ മത്സരങ്ങളിലും സബ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രോ-കളര്‍, കഥ പറച്ചില്‍ മത്സരങ്ങളിലും പങ്കെടുക്കാം. ജൂനിയര്‍ വിഭാഗത്തില്‍ കംപ്ലീറ്റ് ദ പിക്ചര്‍ ആന്‍ഡ് കളര്‍, വാര്‍ത്താ വായന, പ്രസംഗം, പദ്യ പാരായണം (കവിത ചൊല്ലല്‍), മോണോ ആക്ട് എന്നീ ഇനങ്ങളില്‍ മത്സരിക്കാം. പ്രീ സീനിയര്‍ വിഭാഗത്തില്‍ ക്ലേ മോഡലിങ്, പെന്‍സില്‍ ഡ്രോയിങ്, വാര്‍ത്താ വായന, ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് എഴുതുക, പ്രസംഗം, പദ്യ പാരായണം, മോണോ ആക്ട്, കഥാപ്രസംഗം, സംഘഗാനം (ഗ്രൂപ്പ് സോങ്) എന്നീ മത്സരങ്ങളാണ് നടക്കുക. സീനിയര്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ക്രാഫ്റ്റ് ഇന്‍സ്റ്റാലേഷന്‍, പെന്‍സില്‍ ഡ്രോയിങ്, ലേഖനം എഴുത്ത്, അടിക്കുറിപ്പ് എഴുതുക, പ്രസംഗം, പദ്യ പാരായണം, മോണോ ആക്ട്, കഥാപ്രസംഗം, സംഘ ഗാനം എന്നീ ഇനങ്ങളിലും പങ്കെടുക്കാം. 

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മത്സര നിബന്ധനകളും ചട്ടങ്ങളും പൂര്‍ണമായും പാലിച്ചിരിക്കണം. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 15 ന് മുമ്പായി പൂര്‍ത്തിയാക്കിയിരിക്കണം. പത്ത് റിയാലാണ് രജിസ്ട്രേഷന്‍ ഫീസ്. സീനിയര്‍ വിഭാഗത്തില്‍ ക്രാഫ്റ്റ് ഇന്‍സ്റ്റലേഷന്‍ മത്സരത്തിലേക്കായി 20 റിയാലാണ് ഫീസ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  5540 2673, 6623 3733, 7750 5150, 44661213 എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ fccdoha@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടണം.