ദോഹ: ഇരുപതോളം ഇന്ത്യന്‍ സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് എഫ്.സി.സി നടത്തിയ സ്‌കൂള്‍ ആര്‍ട്സ് ഫെസ്റ്റ് വക്റ ബര്‍വ വില്ലേജ് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു.

കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, പ്രീ സീനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ജോയിന്‍ ദി ഡോട്ട് & കളര്‍, ആക്ഷന്‍ സോങ്ങ്, ഡ്രോ & കളര്‍, സ്റ്റോറി ടെല്ലിംഗ്, കംപ്ലീറ്റ് ദി പിക്ച്ചര്‍ & കളര്‍, പാസ്സേജ് റീഡിംഗ്, പ്രസംഗം, പദ്യ പാരായണം, മോണോ ആക്റ്റ്, ക്ലേ മോഡലിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കഥാ പ്രസംഗം, ക്രാഫ്റ്റ്, സ്‌കിറ്റ്, ഗ്രൂപ്പ് സോങ്ങ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളെ കൊണ്ടും മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ദോഹയില്‍ നടന്ന സ്‌കുള്‍ മാമാങ്കം ഏറെ ശ്രദ്ധേയമായി. ഒരു മണിക്കൂര്‍ സമയ പരിധിയില്‍ പാഴ്‌വസ്തുക്കളാല്‍ കുട്ടികള്‍ നിര്‍മ്മിച്ച വിവിധ തരത്തിലുള്ള രൂപ കല്‍പനകളും അവര്‍ നല്‍കിയ വിവരണവും, അവതരണവും കുട്ടികളുടെ കൊച്ചു ചിന്തകളള്‍ക്കും ഭാവനകള്‍ക്കും അതീതമായിരുന്നു ക്രാഫ്റ്റ് മല്‍സരം. കൊച്ചു കുട്ടികളുടെ ആംഗ്യപ്പാട്ടും കഥ പറയലും പരിപാടികള്‍ക്ക് നിറം പകര്‍ന്നു.

ദോഹയിലെ കലാ-സാഹിത്യ മേഖലയില്‍ പ്രശസ്തരായ വിധികര്‍ത്താക്കള്‍ മല്‍സര ഫലം നിര്‍ണയിച്ചു. 
എഫ്.സി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹബീബ് റഹമാന്‍ കീഴിശ്ശേരി, ജനറല്‍ കണ്‍വീനര്‍മാരായ മുഹമ്മദ് ജസീം, മധു കോളിച്ചാല്‍, അപര്‍ണ്ണ റനീഷ്, ശ്രീലേഖ ലിജു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ കണ്‍വീനര്‍മാരായ ഉണ്ണിക്കൃഷ്ണന്‍ ചടയമംഗലം, സുനില്‍ പെരുമ്പാവൂര്‍ (ജഡ്ജസ്) ഹരിദാസ്, അബ്ദുല്‍ സമദ്, ഇബ്രാഹിം കോട്ടക്കല്‍ (രജിസട്രേഷന്‍), സഫൂറ സലീം, സലീല ഷര്‍ഫറാസ്, ജംസീല ഷമീം (കണ്‍ട്രോള്‍ റൂം), സുനില ജബാര്‍, സുരേഷ് ഗോപാലന്‍ (റിസള്‍ട്ട്), നസീഹ മജീദ്, മജീദ് നാദാപുരം (മീഡിയ),  അഷ്‌ക്കര്‍ അലി (പര്‍ച്ചേഴ്സ്), ശംസുദ്ദീന്‍ (ശബ്ദം), മുഹമ്മദ് സലീം, അബ്ദുല്‍ ഗഫൂര്‍ എ. ആര്‍ (ഫസിലീറ്റീസ്). റിതേഷ് ബാബു (ഗതാഗതം), എന്‍ പി അഷറഫ്, ഷിയാസ് കോട്ടക്കല്‍ (വളണ്ടിയര്‍) ഉമര്‍ മുഹമ്മദ് (ഭക്ഷണം) എന്നിവരുടെ മേല്‍നോട്ടത്തില്‍ 100 ല്‍ പരം വളണ്ടിയര്‍മാര്‍ പരിപാടികള്‍ നിയന്ത്രിച്ചു.