ദോഹ: ഫാസ്റ്റ് ഫുഡ് വില്‍പ്പന ഉഷാറാക്കുന്നതിനായി വില്‍പ്പന കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനൊപ്പം സൗജന്യമായി കളിപ്പാട്ടം നല്‍കുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു.

രാജ്യത്തെ നിരവധി ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളിലാണ് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ഭക്ഷണത്തിനൊപ്പം സൗജന്യമായി കളിപ്പാട്ടം നല്‍കുന്നത്. അനാരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിരോധം ഏര്‍പ്പെടുത്തണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
 
ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളില്‍ കുട്ടികളുടെ ഭക്ഷണത്തിനൊപ്പം കളിപ്പാട്ടങ്ങള്‍ നല്‍കുന്നത് തടയാനായി മന്ത്രിസഭയുടെ അനുമതി നേടാനുള്ള നടപടികളിലാണെന്ന് നേരത്തെ മന്ത്രാലയത്തിലെ ആരോഗ്യ പ്രമോഷന്‍- സാംക്രമികേതര രോഗ വിഭാഗം ഡയറക്ടര്‍ ഡോ.ശൈഖ അല്‍ അനൗദ് ബിന്‍ത് മുഹമ്മദ് അല്‍താനി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഭൂരിഭാഗം ഭക്ഷണശാലകളിലും കുട്ടികള്‍ക്കുള്ള ആഹാരം പോഷക മൂല്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഭക്ഷണത്തിനൊപ്പം നല്‍കുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനൊപ്പം സൗജന്യമായി കളിപ്പാട്ടവും നല്‍കുന്നുവെന്ന പരസ്യമാണ് കുട്ടികളെ ആകര്‍ഷിക്കാനായി ഉപയോഗിക്കുന്ന ശക്തമായ വിപണന തന്ത്രം. അനാരോഗ്യകരവും പോഷകം കുറഞ്ഞതുമായ ഭക്ഷണം നല്‍കുന്നതിലൂടെ കുട്ടികളുടെ ആരോഗ്യം ദീര്‍ഘകാലത്തേക്ക് അപകടത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണത്തേക്കാള്‍ കളിപ്പാട്ടമാണ് കുട്ടികളെ കൂടുതലും ആകര്‍ഷിക്കുന്നതും.

ഭക്ഷണശാലകളില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഇത്തരം വിപണന തന്ത്രങ്ങളുടെ പ്രവണത നിരോധിച്ചുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ കുട്ടികളിലെ അമിതഭാരവും പൊണ്ണത്തടിയും പ്രതിരോധിക്കാനും കുറയ്ക്കാനും സഹായകമാകും.