ദോഹ: മത ദര്‍ശനങ്ങളിലൂടെയും മഹത്തുക്കളുടെ സാരോപദേശങ്ങളിലൂടെയും പരമ്പരാഗതമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ സമൂഹം തിരിച്ചറിയണമെന്ന് ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച സമ്മേളനം ആഹ്വാനം ചെയ്തു. 

ദൈവിക സന്ദേശങ്ങളെയും പ്രവാചകന്മാരെയും അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. ശത്രുക്കളോടു പോലും നീതിപൂര്‍വ്വം വര്‍ത്തിക്കണമെന്ന സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ) ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തത്. കുടുംബബന്ധങ്ങള്‍ പവിത്രമാണെന്നും, ബന്ധങ്ങള്‍ മുറിക്കുന്നവന്‍ മതത്തിനു പുറത്താണെന്നുമുള്ള പ്രവാചകാധ്യാപനങ്ങള്‍ ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തമാണെന്നും സമ്മേളനം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് നബി; ജീവിതവും സന്ദേശവും, പ്രവാചകനെ അറിയുക എന്നീ വിഷയങ്ങളില്‍ നടന്ന പഠനാര്‍ഹമായ ക്ലാസ്സുകള്‍ക്ക് ഉമര്‍ ഫൈസി, അഷ്റഫ് സലഫി എന്നിവര്‍ നേതൃത്വം നല്‍കി. സ്വലാഹുദ്ധീന്‍ സ്വലാഹി മോഡറേറ്റര്‍ ആയ പരിപാടിയില്‍ ഉമര്‍ സ്വലാഹി, മുജീബ്‌റഹ്മാന്‍ മിശ്കാത്തി, അബ്ദുല്‍ ഹകീം പിലാത്തറ എന്നിവര്‍ സംസാരിച്ചു.