ദോഹ: ഗതാഗത നിയമലംഘനത്തിന് പുതിയ പിഴകള്‍ ഏര്‍പ്പെടുത്തിയതായി വാട്ട്്സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് ഖത്തര്‍ ട്രാഫിക് വിഭാഗം. നിലവിലുള്ള പിഴകള്‍ പലതും വന്‍തോതില്‍ വര്‍ധിപ്പിച്ചതായും പുതിയ ചില പിഴകള്‍ ഏര്‍പ്പെടുത്തിയെന്നുമാണ് വാട്ട്സാപ്പില്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാട്ട്സാപ്പില്‍ പ്രചരിക്കുന്ന ഇമേജ് വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക മാധ്യമങ്ങള്‍ വഴിയല്ലാതെ ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. 
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റേതെന്ന പേരിലാണ് രാജ്യത്തിന്റെ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ച് വാട്ട്സാപ്പില്‍ പ്രചാരണം നടക്കുന്നത്. കാറില്‍ ഉച്ചത്തില്‍ സംഗീതം പ്ലേ ചെയ്താല്‍ 5000 റിയാല്‍, കാറിനകത്ത് പുക വലിച്ചാല്‍ 2,000 റിയാല്‍ തുടങ്ങി വന്‍തോതില്‍ പിഴ ഏര്‍പ്പെടുത്തിയതായാണ് പ്രചാരണം. ഔദ്യോഗികമെന്ന് തോന്നിക്കുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും ട്രാഫിക് ഡിപാര്‍ട്ട്മെന്റിന്റെയും ലോഗോയും ഉപയോഗിച്ചിട്ടുണ്ട്. 

വാര്‍ത്തകള്‍ പരിശോധിച്ച് ഉറപ്പ് വരുത്താതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഖത്തര്‍ അധികൃതര്‍ നേരത്തേ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ലഭിച്ചാല്‍ അധികൃതരെ ബന്ധപ്പെടുകയോ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയോ ചെയ്യണം.