ദോഹ: ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്കായി ഏഷ്യന്‍ ടൗണിലും അല്‍ഖോറിലും നടത്തിയ ഈദാഘോഷത്തില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.

ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിനമായ ഞായറാഴ്ച തുടക്കമിട്ട ആഘോഷം തിങ്കളാഴ്ചയാണ് സമാപിച്ചത്. കലാ, സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം ഗതാഗതം, സിവില്‍ ഡിഫന്‍സ്, ജനകീയ പോലീസ്, അല്‍ ഫാസ, മയക്കുമരുന്ന് വിരുദ്ധ സ്ഥിരംകമ്മിറ്റി, സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ്, മനുഷ്യാവകാശം തുടങ്ങി ഏഴു വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി ബോധവത്കരണ പരിപാടികളും നടത്തി.
 
ഗതാഗത സുരക്ഷ, കാല്‍നടയാത്രക്കാരുടെ സുരക്ഷ, മദ്യ മയക്കു മരുന്ന് അപകടങ്ങള്‍, രാജ്യത്തേക്ക് മരുന്നുകള്‍ കൊണ്ടു വരുന്നതിലെ നടപടികള്‍, ഐ. ഡി. കാര്‍ഡ് കൈവശം വെക്കേണ്ടതിന്റെ പ്രാധാന്യം, അപകട സ്ഥലത്ത് കൂട്ടംകൂടി നില്‍ക്കുന്നതിലെയും ചിത്രങ്ങളെടുക്കുന്നതിലെയും പ്രശ്‌നം, രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലാണ് ബോധവത്കരണ ക്ലാസുകള്‍ നടത്തിയത്.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങി വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി ത്തൊഴിലാളികളാണ് ആഘോഷത്തില്‍ പങ്ക് ചേര്‍ന്നത്. തൊഴിലാളികള്‍ക്ക് ആടാനും പാടാനുമുള്ള അവസരങ്ങളും നല്‍കിയിരുന്നു. ആഘോഷപരിപാടികള്‍ കാണാനെത്തിയ സന്ദര്‍ശകര്‍ക്കായി നടത്തിയ റാഫിള്‍ കൂപ്പണ്‍ പരിപാടിയിലും നിരവധി പേര്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.