ദോഹ: യൂണിസെഫുമായി സഹകരിച്ച് ഇറാഖിലെ അല്‍ജൈദ ഏരിയയിലുള്ള കാമ്പുകളില്‍ കുടിവെള്ളവും ശുചീകരണ സേവനവുമൊരുക്കി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആര്‍സിഎസ്). ശുദ്ധജല വിതരണത്തിനു പുറമേ മലിനജല ശുചീകരണ പ്ലാന്റുകളും മറ്റു ശൂചീകരണ സംവിധാനവും ഖത്തര്‍ റെഡ് ക്രസന്റ് ഒരുക്കുന്നുണ്ട്. സായുധ സംഘര്‍ഷത്തില്‍ അഭയാര്‍ഥികളാക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. 

മൊബൈല്‍ ജലശുദ്ധീകരണ സംവിധാനം വഴി 52,500 പേര്‍ക്കാണ് ക്യുആര്‍സിഎസ് കുടിവെള്ളം നല്‍കുന്നത്. അന്താരാഷ്ട്ര സംഘടനകളും പ്രാദേശിക അധികൃതരും ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ട്. വെള്ളത്തിന്റെ വിതരണ സംവിധാനത്തിലെയും ഓവുചാലുകളുടെയും തകരാറുകള്‍ പരിഹരിക്കല്‍, ജല മലിനീകരണത്തിനെതിരായ ബോധവത്കരണം, റിസര്‍വോയറുകളുടെ ശുചീകരണം തുടങ്ങിയവയും സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.