ദോഹ: പ്രമേയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ മികവും കൊണ്ട് പ്രവാസി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ദൃശ്യാവിഷ്‌കാരമായി കൂടൊഴിഞ്ഞ ആകാശങ്ങളിലേക്ക് ശ്രദ്ധേയമാകുന്നു.
ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ ഖത്തര്‍ കേരളീയത്തിന്റെ ഭാഗമായാണ് പുതുമയും വ്യത്യസ്തവുമായ ആശയവുമായി കൂടൊഴിഞ്ഞ ആകാശങ്ങളിലേക്ക് അരങ്ങത്തെത്തിയത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്ന ദൃശ്യാവിഷ്‌കാരം കാണികളുടെ കയ്യടി നേടി. സമകാലിക പ്രമേയങ്ങളെ മികച്ച സംവിധാനത്തിലൂടെ അരങ്ങിലെത്തിക്കുന്നതില്‍ സംവിധാനക്കുപ്പായമണിഞ്ഞ ദോഹയിലെ മലയാളികളുടെ പ്രിയ സംവിധായകരായ ഫിറോസ് മൂപ്പനും, നൗഫല്‍ ശംസുവിനും കഴിഞ്ഞു.

വര്‍ണ, വര്‍ഗ, മത വിവേചനങ്ങള്‍ രൂക്ഷമായിരിക്കുന്ന വര്‍ത്തമാനകാല വ്യവസ്ഥിതിക്കെതിരെ പിടിക്കുന്ന യാഥാര്‍ഥ്യത്തിന്റെ കണ്ണാടിയാണ് കൂടൊഴിഞ്ഞ ആകാശങ്ങളിലേക്ക്. ദൃശ്യാവിഷ്‌കാരത്തിലെ പ്രധാന കഥാപാത്രങ്ങളായ ഉമ്മുകുല്‍സുവും ഉപ്പാപ്പയും മലയാളികളുടെ മനസ്സിനെ എന്നും അസ്വസ്ഥമാക്കുമെന്നതില്‍ സംശയമില്ല. പച്ചയായ മനുഷ്യന്റെ ജീവിതം അതേപടി വരച്ചു കാട്ടുന്നതില്‍ സംവിധായകരും അഭിനേതാക്കളും വിജയം നേടി. നമ്മളില്‍ ഒരാളാണ് അവരെന്ന ചിന്ത കാണികളില്‍ ഉളവാക്കുന്ന തരത്തില്‍ ആഴത്തില്‍ മനസ്സില്‍ പതിയുന്ന കഥാപാത്രങ്ങളാണ് ഇരുവരും. അവരുടെ ജീവിതം ഓരോ പ്രേക്ഷകന്റെയും മനസ്സിനേയും ചിന്തകളേയും മുറിവേല്‍പ്പിക്കുകയും ചെയ്തു.

യഥാര്‍ഥ ജീവിതത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഓരോ കഥാപാത്രങ്ങളും. ഉമ്മുകുല്‍സുവിനെ അവതരിപ്പിച്ച ആറാം ക്ലാസ് വിദ്യര്‍ഥിനി സ്മൃതി ഹരിദാസിലെ അഭിനേത്രിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് പ്രേക്ഷകരും വിലയിരുത്തുന്നു. കഥാപാത്രത്തെ നൂറ് ശതമാനവും പ്രേക്ഷകരുടെ മനസ്സിലേക്ക് ഉയര്‍ത്താന്‍ സ്മൃതിക്ക് കഴിഞ്ഞതാണ് കൂടൊഴിഞ്ഞ ആകാശത്തിന്റെ പ്രധാന വിജയം. റഫീക്ക് കൊച്ചി, സലാം കോട്ടക്കല്‍, നാസര്‍ കുറ്റിയാടി, സക്കറിയ അബ്ദുള്ള, ലത്തീഫ്, അജീഷ്, രാജേഷ്, സുനില്‍ പെരുമ്പാവൂര്‍, മധു കോളിച്ചാല്‍, അനസ് ഇടവണ്ണ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. സക്കീര്‍ സര്‍ഗയുടെ സംഗീതവും, സിംഫണി ദോഹയുടെ ശബ്ദവും വെളിച്ചവും, വിനയന്‍ ബേപ്പൂരും മോഹന്‍ പൊന്നാനിയും ഒരുക്കിയ രംഗസംവിധാനവും ദൃശ്യാവിഷ്‌കാരത്തിന് മികവേകി. ഫൈസല്‍ അരിക്കാട്ടയില്‍, മധു കോളിച്ചാല്‍, അനസ് ഇടവണ്ണ, അന്‍വര്‍ ബാബു തുടങ്ങിയവര്‍, ദൃശ്യാവിഷ്‌കാരത്തിന്റെ ഏകോപനം നിര്‍വഹിച്ചു.

സംവിധായകര്‍ ജനകീയര്‍

കലാ ലോകത്ത് പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ പരിചിതമായ പേരുകളാണ് ഫിറോസ് മൂപ്പനും,നൗഫല്‍ ശംസുവും. പ്രമേയങ്ങളിലെ വ്യത്യസ്തതയാണ് ഇരുവരേയും ജനകീയരാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ കേരളീയത്തില്‍ ഏറ്റവും മികച്ച ദൃശ്യാവിഷ്‌കാരമായി തിരഞ്ഞെടുത്ത സമയം മികച്ച സംവിധായകനുള്ള അവാര്‍ഡ് നൗഫല്‍ ശംസുവിന് നേടിക്കൊടുത്തു. അബുദാബിയുടെ നാടകലോകത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന കഴിവുറ്റ ഒരു കലാകാരനാണ്.
 
സമയത്തിലൂടെ മികച്ച നടനായ ഫിറോസ് മൂപ്പന്‍ കഴിഞ്ഞ 25 കൊല്ലങ്ങളായി കേരളത്തിന്റെ അകത്തും പുറത്തുമുള്ള കലാലോകത്തിന് സുപരിചിതനാണ്. മികച്ച രണ്ട് കലാകാരന്മാര്‍ ഒരുമിച്ച് കൂടൊഴിഞ്ഞ ആകാശങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ ദോഹയിലെ പ്രവാസി മലയാളികള്‍ ആസ്വാദനത്തിന്റെ ഔന്നത്യത്തിലേക്കാണ് പ്രവേശിച്ചത്. ഖത്തറിലെ കലാരംഗത്ത് സജീവ സാന്നിധ്യമായ കൃഷണനുണ്ണിയും ഷൈജു കണ്ടംപുള്ളിയും സംവിധാന പങ്കാളികളായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.