ദോഹ: രംഗാവിഷ്‌കാരമെന്ന കലയെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു കൂട്ടം പ്രവാസി മലയാളികളുടെ ആത്മാര്‍പ്പണമാണ് ദോഹയിലെ കലാരംഗത്തെ സജീവമാക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള നാടക കലാകാരന്മാരുടെ അര്‍പ്പണമനോഭാവവും ഐക്യവുമാണ് ദോഹയിലെ വേദികളില്‍ മികച്ച രംഗാവിഷ്‌കാരങ്ങള്‍ പിറക്കുന്നതിന്റെ പിന്നില്‍.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിന്റെ മണ്ണില്‍ രംഗാവിഷ്‌കാര വേദികള്‍ സജീവമാക്കിയ ഇസ്മയില്‍ ചാലക്കുടി, ബാവ വടകര, ഇക്ബാല്‍ ചേറ്റുവ, അന്‍വര്‍ ബാബു വടകര, എ.വി.എം.ഉണ്ണി, കെ.സുധാകരന്‍, മോഹനന്‍ അയിരൂര്‍ തുടങ്ങിയവരുടെ പരിശ്രമങ്ങള്‍ ഇന്ന് പുതു തലമുറയിലെ കലാകാരന്മാരിലെത്തി നില്‍ക്കുന്നു. ദോഹയിലെ പ്രവാസി വേദികളില്‍ നാടകമെന്ന രംഗാവിഷ്‌കാരം ജനകീയമായി കഴിഞ്ഞു.

സാഹചര്യങ്ങളും പ്രവാസവും നല്‍കുന്ന പരിമിതികള്‍ക്കുള്ളിലും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളേയും സമകാലിക രാഷ്ട്രീയ സംഭവങ്ങളേയും യഥാസമയം അരങ്ങിലെത്തിക്കുന്നതിലാണ് ദോഹയിലെ കലാകാരന്മാര്‍ ശ്രദ്ധ ചെലുത്തുന്നത്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളും മുത്ത് വെച്ച തൊപ്പിയും ലൈല മജ്‌നുവും ചരിത്രനാടകമായ ബിലാലുമൊക്കെ അരങ്ങ് തകര്‍ത്ത വേദികളില്‍ ഇന്ന് സംസ്‌കൃതിയുടെ കടല്‍ കാണുന്ന പാചകക്കാരനും ഒറ്റപ്പെട്ടവനും കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ തോടിനപ്പുറം പറമ്പിനപ്പുറവുമെല്ലാം പ്രവാസ ലോകത്തിന്റെ കയ്യടി നേടി.മാത്രമല്ല കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരങ്ങളും സ്വന്തമാക്കി.
 
വേദികളും അവസരങ്ങളും കലാകാരന്മാരും വര്‍ധിച്ചതിനൊപ്പം സാങ്കേതിക വളര്‍ച്ചയും ഇന്നത്തെ രംഗാവിഷ്‌കാരങ്ങളെ കൂടുതല്‍ ആസ്വാദ്യകരവും അവതരണത്തില്‍ മികവുറ്റതുമാക്കി. രംഗാവിഷ്‌കാരങ്ങളില്‍ ഏറ്റവും അധികം പുതുമയും പരീക്ഷണങ്ങളും നടത്തുന്നത് സംസ്‌കൃതിയിലെ കലാകാരന്മാരാണ്.
 
കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകോത്സവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സംസ്‌കൃതിയുടെ ദര്‍ശന രാജേഷും ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ നാടകോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫിറോസ് മൂപ്പനും മികച്ച നടിയായ അഷ്ടമി ജിത്തുമെല്ലാം പ്രവാസി മനസ്സുകളില്‍ ഇടം നേടി കഴിഞ്ഞു.

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ മുതല്‍ നിരന്തരം വരെ

ആദ്യ കാലങ്ങളില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണ് രംഗാവിഷ്‌കാരങ്ങള്‍ അരങ്ങിലെത്തിയിരുന്നതെങ്കില്‍ ഇന്ന് മിക്ക വാരാന്ത്യങ്ങളിലും അമച്വര്‍ നാടകങ്ങളുമായി അരങ്ങുകള്‍ സജീവമാണ്. പുതുതലമുറയുടെ രംഗാവിഷ്‌കാര ജീവിതം നിരന്തരത്തിലും വിനയന്‍ ബേപ്പൂരിന്റെ വെളിച്ചെണ്ണയെന്ന ഏകാങ്ക നാടകത്തിലുമെത്തി നില്‍ക്കുമ്പോഴും നിറഞ്ഞ സദസ്സാണ് അണിയറ ശില്പികള്‍ക്ക് ഊര്‍ജം പകരുന്നത്.
 
ആദ്യകാലങ്ങളില്‍ അറബി നാടകങ്ങളും ബൈബിള്‍ നാടകങ്ങളും അരങ്ങേറിയിരുന്നു. കരിഷ്മ ദോഹയും ദോഹ കോറസും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനുമൊക്കെയായിരുന്നു അന്ന് രംഗാവിഷ്‌കാരങ്ങളുടെ അണിയറയില്‍ ഉണ്ടായിരുന്നത്. അല്‍ഗാസല്‍ ക്ലബ്ബും ദോഹ സിനിമയുമൊക്കെയായിരുന്നു അന്നത്തെ രംഗാവിഷ്‌കാരത്തിന്റെ വേദികള്‍. പഴയ കാലത്തെ രംഗാവിഷ്‌കാരങ്ങളെ അപേക്ഷിച്ച് ഇന്ന് നൂതന സാങ്കേതികതയുടെ വളര്‍ച്ച അവതരണത്തിലും നാടക സങ്കേതങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പഴയകാല നാടക പ്രവര്‍ത്തകനായ അന്‍വര്‍ ബാബു വടകര പറഞ്ഞു.

രംഗാവിഷ്‌കാരം ജനകീയമായതോടെ സ്ത്രീകളും കുട്ടികളും വരെ അരങ്ങത്ത് സജീവമാണ്. ഇടക്കാലത്ത് രംഗാവിഷ്‌കാരം പിന്നോട്ട് പോയെങ്കിലും നവമാധ്യമങ്ങളിലൂടെ കൂടുതല്‍ കലാകാരന്മാരെ കണ്ടെത്തി രംഗാവിഷ്‌കാരമെന്ന കലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയത് ക്യൂ മലയാളം എന്ന സാംസ്‌കാരിക കൂട്ടായ്മയാണെന്ന് പുതു തലമുറയിലെ നാടക പ്രവര്‍ത്തകര്‍ പറയുന്നു.
 
ദോഹ നാടക സൗഹൃദ വേദി, സംസ്‌കൃതി, ക്യൂ മലയാളം, അടയാളം, ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍, കുറ്റനാട് ജനകീയ കൂട്ടായ്മ തുടങ്ങിയ സംഘടനകളെല്ലാം രംഗാവിഷ്‌കാരത്തില്‍ സജീവമായതോടെ ആരോഗ്യകരമായ മത്സരവും ഉടലെടുത്തു. സ്‌കൂള്‍-കോളേജ് അലുംനികളുടെ നേതൃത്വത്തിലും നിരവധി രംഗാവിഷ്‌കാരങ്ങള്‍ പിറന്നു. ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ രംഗാവിഷ്‌കാര മത്സരങ്ങളാണ് ദോഹയിലെ കലാകാരന്മാര്‍ക്ക് ഉണര്‍വും ആവേശവും നല്‍കുന്നത്.

പരിമിതികള്‍ക്കിടയിലും അരങ്ങ് സജീവം

സ്‌കൂളിലെ പഠനം കഴിഞ്ഞും ജോലിത്തിരക്കിനിടയിലും റിഹേഴ്‌സല്‍ ക്യാമ്പിലേക്ക് ഓടിയെത്തുന്ന കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള കലാകാരന്മാരാണ് ദോഹയിലെ അരങ്ങുകള്‍ക്ക് ഓജസ്സും ഊര്‍ജവും പകരുന്നത്. അണിയറയിലെ പരിമിതികളും വെല്ലുവിളികളും വലുതാണെങ്കിലും അവയെ അതിജീവിച്ച് അരങ്ങത്ത് നൂറ് ശതമാനം മികവ് പുലര്‍ത്തിയാണ് ഓരോ രംഗാവിഷ്‌കാരങ്ങളും പ്രേക്ഷക മനസ്സില്‍ ഇടം നേടുന്നത്.

നല്ലൊരു റിഹേഴ്‌സല്‍ ക്യാമ്പില്ലാത്തതും പരിമിതമായ സ്റ്റേജുമാണ് ദോഹയിലെ നാടക കലാകാരന്മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. പലപ്പോഴും അയല്‍വീടുകള്‍ക്ക് ശല്യമുണ്ടാകാതെ വളരെ സൂക്ഷ്മതയോടെ വീടുകളിലാണ് പരിശീലനം നടക്കുന്നത്. നാടകാവതരണത്തിന് അനുയോജ്യമായ വേദി ദോഹയില്‍ ഇല്ല എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് പുതുതലമുറയിലെ നാടക പ്രവര്‍ത്തകനായ മനീഷ് സാരംഗി പറഞ്ഞു.
 
സ്റ്റേജിന്റെ പരിമിതിക്കനുസരിച്ച് രംഗാവിഷ്‌കാരത്തിന്റെ തിരക്കഥ തയ്യാറാക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് മനീഷ് ചൂണ്ടിക്കാട്ടി. അതേസമയം രംഗാവിഷ്‌കാരത്തില്‍ ഉപയോഗിക്കേണ്ട പ്രോപ്പര്‍ട്ടികള്‍ നാടിനേക്കാള്‍ അനായാസമായി ഇവിടെ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നും മനീഷ് പറഞ്ഞു. ദോഹയിലെ രംഗാവിഷ്‌കാരങ്ങളുടെ ഏറ്റവും മികച്ച രംഗപടത്തിന് പിന്നില്‍ വിനയന്‍ ബേപ്പൂരും ഐ.സി.ആര്‍.സി മുത്തുവുമാണ്.

ഇത്തവണ പ്രവാസി നാടക മത്സരം കേരള സംഗീത നാടക അക്കാദമി നിര്‍ത്തലാക്കിയതിന്റെ നിരാശയുണ്ടെങ്കിലും കലയെ നെഞ്ചോട് ചേര്‍ക്കുന്ന ദോഹയിലെ കലാകാരന്മാര്‍ പുതിയ രംഗാവിഷ്‌കാരങ്ങളുടെ പിറവിക്കായി അണിയറയില്‍ സജീവമാണ്.