ദോഹ:  അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ ബജറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച കരടുനിയമം പുറപ്പെടുവിക്കുന്നതിനാവശ്യമായ നടപടികള്‍ മന്ത്രിസഭ സ്വീകരിച്ചു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ മന്ത്രിസഭയില്‍ കരടുനിയമത്തിന് അംഗീകാരം നല്‍കുകയും ശുറാ കൗണ്‍സിലിന് കൈമാറുകയും ചെയ്തിരുന്നു. കരടുനിയമം സംബന്ധിച്ച് ശൂറാ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ വിലയിരുത്തിയശേഷമാണ് നിയമം നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

ചില സ്ഥലങ്ങളില്‍ വാണിജ്യ, വ്യവസായിക അല്ലെങ്കില്‍ പൊതു പ്രവൃത്തിയല്ലെങ്കില്‍ ആഭ്യന്തര വ്യവസായം ചെയ്യുന്നതിന് താത്കാലിക ലൈസന്‍സ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍, നിയന്ത്രണങ്ങള്‍, നടപടികള്‍ എന്നിവ സംബന്ധിച്ച് 2017-ലെ 242-ാം തീരുമാനത്തില്‍ ഭേദഗതി വരുത്താനുള്ള സാമ്പത്തിക വാണിജ്യമന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഏതാനും സ്ഥാപനങ്ങളിലെ ഖത്തറി ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍, റിട്ടയര്‍മെന്റ് എന്നിവ സംബന്ധിച്ച 2002-ലെ 24-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകളുടെ കാലാവധിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.