ദോഹ: ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഫാല്‍ക്കണ്‍-വേട്ട (മര്‍മി) മേളയ്ക്ക് തുടക്കമായി. ജനുവരി 27 വരെ നീളുന്ന മേളയില്‍ ആദ്യദിവസത്തില്‍ 55 പേരാണ് പങ്കെടുത്തത്. നിലവിലെ 19 സെക്കന്‍ഡ് എന്ന റെക്കോഡ് തകര്‍ത്ത് നാസ്സര്‍ അല്‍ ഹുമൈദിയുടെ ഫാല്‍ക്കണായ അല്‍ ജസീറ 400 മീറ്ററില്‍ 18 സെക്കന്‍ഡ് സമയത്തില്‍ പുതിയ റെക്കോഡും തിങ്കളാഴ്ച സ്വന്തമാക്കി. നാനൂറുമീറ്ററില്‍ പത്ത് മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്. മേളയിലും മത്സരങ്ങളിലുമായി മൊത്തം 1700 ഓളം പേരാണ് തങ്ങളുടെ ഫാല്‍ക്കണുകളുമായി പങ്കെടുക്കുന്നത്.

മേളയുടെ ആദ്യവര്‍ഷം മുപ്പത് അല്ലെങ്കില്‍ 40 ഹൗബാറകളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഹൗബാറ പക്ഷികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പിന്നീട് ഇലക്ട്രോണിക് ഹൗബാറകളെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇത്തവണ രാജ്യത്തെ ഫാമുകളില്‍ ഹൗബാറ പക്ഷികളുടെ ഉത്പാദനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇലക്ട്രോണിക് ഹൗബാറകള്‍ക്ക് പകരം ജീവനുള്ളവയെയാണ് ഉപയോഗിക്കുന്നതെന്നും സംഘാടക കമ്മിറ്റി ചെയര്‍മാന്‍ അലി ബിന്‍ ഖാതം അല്‍ മഹ്ഷാദി പറഞ്ഞു. മത്സരങ്ങള്‍ ശക്തിപ്പെടുത്താനും വേട്ടയുടെ പ്രധാന ഉറവിടമായും ഹൗബാറ പക്ഷികളെയാണ് പരിഗണിക്കുന്നത്.

സീലൈനിലെ സബാകത്ത് മര്‍മിയിലാണ് മേള നടക്കുന്നത്. രാജ്യത്തെ മാത്രമല്ല മേഖലയിലെ തന്നെ ഏറ്റവും വലിയ ഫാല്‍ക്കണ്‍-വേട്ട മേളകളിലൊന്നാണിത്. കനത്തമത്സരങ്ങളും വലിയ ജനപങ്കാളിത്തവുമുള്ള മേളയിലൂടെ രാജ്യത്തിന്റെ പൈതൃകം നിലനിര്‍ത്തുകയാണ് ലക്ഷ്യം.