ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം സമ്മാനിക്കാന്‍ 'സ്മാള്‍ ലൈ'യും സ്ഥാനം പിടിച്ചു.

വിഖ്യാത അമേരിക്കന്‍ കലാകാരനായ കവാസിന്റെതാണ് മുപ്പത്തിരണ്ട് അടി ഉയരമുള്ള സ്മാള്‍ ലൈയുടെ ശില്‍പ്പം. ഖത്തര്‍ മ്യൂസിയത്തിന്റെ വിമാനത്താവളത്തിലെ പുതിയ കലാശേഖരങ്ങളിലേക്കാണ് സ്മാള്‍ ലൈ സ്ഥാനം പിടിച്ചത്. പ്രാദേശിക, അന്താരാഷ്ട്ര കലാകാരന്മാര്‍ നിര്‍മിച്ച ഇരുപതിലധികം കലാസൃഷ്ടികളാണ് ഹമദ് വിമാനത്താവളത്തിലുള്ളത്.

അഫോര്‍മോസിയ തടി ഉപയോഗിച്ചാണ് 32 അടി ഉയരത്തില്‍ 15 ടണ്‍ ഭാരമുള്ള ശില്‍പ്പം സ്ഥാപിച്ചത്. പ്രതിവര്‍ഷം മൂന്ന് കോടിയിലധികം യാത്രക്കാര്‍ കടന്നു പോകുന്ന വിമാനത്താവളത്തില്‍ പുതിയ കാഴ്ച നവ്യാനുഭവമാകും. ശില്‍പ്പത്തിന്റെ പ്രകാശന ചടങ്ങില്‍ വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍, ഖത്തര്‍ മ്യൂസിയം ചീഫ് സ്ട്രാറ്റജിക് പ്ലാനിങ് ഓഫീസര്‍ ഖാലിദ് യൂസഫ് അല്‍ ഇബ്രാഹിം, ശില്‍പ്പി കവാസ് എന്നിവര്‍ പങ്കെടുത്തു.