ദോഹ: അല്‍ ശമാല്‍ നഗരത്തിലെ വ്യവസായ മേഖലയോട് ചേര്‍ന്നുള്ള ട്രക്ക് പാര്‍ക്കിങ് ഏരിയയുമായി അല്‍ ശമാല്‍ റോഡിനെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) അറിയിച്ചു.

അല്‍ ശമാലിലെ റോഡ് അടിസ്ഥാന സൗകര്യവികസന പദ്ധതിയിലെ ഒന്നാം ഘട്ടത്തിലെ നിര്‍ണായക ഭാഗമാണ് ട്രക്ക് പാര്‍ക്കിങ് റോഡുകള്‍. 2.2 കിലോമീറ്റര്‍ നീളുന്ന നാല് ഇരട്ട കാര്യേജ് വേ റോഡുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായതെന്ന് അഷ്ഘാല്‍ റോഡ്‌സ് പദ്ധതി വടക്കന്‍ മേഖലാ വിഭാഗം വകുപ്പ് മേധാവി എന്‍ജിനീയര്‍ അലി അഷ്‌കനാനി പറഞ്ഞു. അല്‍ ശമാല്‍ നഗരത്തിലെ ട്രക്ക് പാര്‍ക്കിങ് ഏരിയയില്‍നിന്ന് അല്‍ സമാല്‍ റോഡ്, ദോഹ തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വരാനും പോകാനും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ റോഡ് ഏറെ പ്രയോജനപ്പെടും.

ഇരുവശങ്ങളിലേക്കും നാല് വരിപ്പാതകളുള്ളതാണ് നാല് റോഡുകളും. കൂടാതെ ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കാനായി മൂന്ന് റൗണ്ട് എബൗട്ടുകളുമുണ്ട്. തെരുവ് വെളിച്ചം, ഗതാഗത അടയാള ബോര്‍ഡുകള്‍ തുടങ്ങി ഗതാഗത സുരക്ഷ ഉറപ്പാക്കുന്ന എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് അലി അഷ്‌കനാനി പറഞ്ഞു. പ്രദേശത്തെ 3,600-ഓളം വ്യവസായ, പാര്‍പ്പിട കെട്ടിടങ്ങള്‍ക്കായി പുതിയ മലിനജലശൃംഖലയും പുതിയ വികസിത റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.