ദോഹ: ആദ്യ മനുഷ്യനെ ഭൂമിയിലയക്കും മുമ്പ് ആദരിക്കാന്‍ ദൈവം മാലാഖമാരോട് കല്‍പ്പിച്ചു. ആ മനുഷ്യനെ ആദരിക്കാന്‍ ഭൂമിയില്‍ പിറക്കുന്ന ഓരോ മനുഷ്യക്കുഞ്ഞിനെയും പരിശീലിപ്പിക്കുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്ന് ഇന്റഗ്രേറ്റഡ് എഡുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. ബദീഉസ്സമാന്‍ അഭിപ്രായപ്പെട്ടു. ഏഴ്, പത്ത് ക്ലാസ്സുകളില്‍ പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനു വേണ്ടി അല്‍ മദ്രസ അല്‍ ഇസ്ലാമിയ ദോഹ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) സംഘടിപ്പിച്ച ''തക്രീം-2021'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മദ്രസ എഡുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുഷീര്‍ ഹസന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് ഡോ.എം.പി. ഹസന്‍ കുഞ്ഞി, ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് ഷൗകത്ത് അലി, സിഐസി പ്രസിഡന്റ് കെ.ടി അബ്ദുറഹ്മാന്‍, രക്ഷാകര്‍തൃ പ്രതിനിധി ഡോ.മുഹമ്മദ് ശാഫി, സി.ഐ.സി വിദ്യാഭ്യാസ വകുപ്പ് തലവന്‍ അന്‍വര്‍ ഹുസൈന്‍, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, വിവിധ മദ്രസാ പ്രിന്‍സിപ്പാള്‍മാരായ എം.ടി ആദം (ശാന്തിനികേതന്‍ വക്റ), തൗഫീഖ് തൈക്കണ്ടി (അല്‍ഖോര്‍), വിദ്യാര്‍ഥി പ്രതിനിധി അയിദ ഷംസു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിശിഷ്ടാതിഥികള്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും മദ്രസയില്‍ ലഭ്യമായിരിക്കുമെന്നും അറിയിച്ചു.

അബീദ് റഹ്മാന്‍ ഖാസിമിന്റെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. മദ്രസ പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍ പുറക്കാട് അധ്യക്ഷ്യം വഹിച്ചു. റഷാ ജുറൈജ് ഗാനമാലപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദലി ശാന്തപുരം സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എം.ടി സിദ്ദീഖ് നന്ദിയും പറഞ്ഞു. അംന ഫാത്തിമ, ഹന ഫാത്തിമ എന്നീ വിദ്യാര്‍ത്ഥിനികളാണ് പരിപാടി നിയന്ത്രിച്ചത്.