ദോഹ: രാജ്യത്ത്‌നിന്ന് ഇലക്ട്രിക് കേബിള്‍ കയറ്റുമതി ഒരു വര്‍ഷത്തിനകം സാധ്യമാകുമെന്ന് ദോഹ കേബിള്‍സ് ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖ്വാസിം.

പ്രാദേശിക വിപണിക്കാവശ്യമായ ഇലക്ട്രിക് കേബിള്‍ വിതരണത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്നതും ഇടത്തരവും കുറഞ്ഞതുമായ വോള്‍ട്ടേജുകളിലുള്ള ഇലക്ട്രിക് കേബിളുകളാണ് പ്രാദേശിക വിപണിക്കായി ദോഹ കേബിള്‍സ് ഉത്പാദിപ്പിക്കുന്നത്.
 
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും (കഹ്‌റാമ) ദോഹ കേബിള്‍സും ഖത്തര്‍ ഇന്റര്‍നാഷണല്‍ കേബിള്‍സ് കമ്പനി (ക്യു.ഐ.സി.സി.)യും തമ്മില്‍ ഇലക്ട്രിക് കേബിള്‍ വിതരണ കരാറില്‍ ഒപ്പുവെക്കുന്നതിനിടെയാണ് ശൈഖ് ഫൈസല്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. രണ്ട് വര്‍ഷത്തേക്ക് 190 കോടി റിയാലിന്റെ കരാറാണ് കഹ്‌റാമ ദേഹ കേബിള്‍സും ക്യു.ഐ.സി.സിയുമായി ഒപ്പുവെച്ചത്.

ദോഹ കേബിളുമായി 124 കോടി റിയാലിന്റെയും ക്യു.ഐ.സി.സിയുമായി 64 കോടി റിയാലിന്റെയും കരാറുകളാണ് ഒപ്പുവെച്ചത്. കരാര്‍ പ്രകാരം ദോഹ കേബിളും ക്യു.ഐ.സി.സിയും പതിനായിരം കിലോമീറ്റര്‍ കേബിളുകളാണ് കഹ്‌റാമയ്ക്ക് നല്‍കുന്നത്. കഹ്‌റാമയുടെ കേബിളിനുള്ള ആവശ്യകത നിറവേറ്റാന്‍ ലക്ഷ്യമിട്ടാണ് കരാര്‍. ഓര്‍ഡര്‍ നല്‍കി രണ്ട് ദിവസത്തിനകം കേബിള്‍ കഹ്‌റാമക്ക് വിതരണം ചെയ്തിരിക്കണമെന്നാണ് കരാര്‍. കഹ്‌റാമ പ്രസിഡന്റ് ഇസ്സ ബിന്‍ ഹിലാല്‍ അല്‍ ഖുവാരി ദോഹ കേബിള്‍സ് ചെയര്‍മാന്‍ ശൈഖ് ഫൈസലും ക്യു.ഐ.സി.സി. പ്രതിനിധി ശൈഖ് ഫഹദ് ബിന്‍ ഹമദ് അല്‍താനിയുമായാണ് ഒപ്പുവെച്ചത്.

കഹ്‌റാമയുടെ വിതരണ ശൃംഖലയുടെ പ്രധാന വിപുലീകരണത്തിനായി ഇടത്തരം വോള്‍ട്ടേജിലുള്ള കേബിളുകളുടെ നൂറ് ശതമാനം വിതരണവും ഇപ്പോള്‍ സാധ്യമാണെന്ന് അല്‍ ഖുവാരി പറഞ്ഞു. പ്രാദേശിക വിതരണക്കാരുമായുള്ള പുതിയ പങ്കാളിത്തം നിര്‍മാതാക്കളെ പിന്തുണക്കുക മാത്രമല്ല വിതരണം സുസ്ഥിരമെന്ന് ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇരുകമ്പനികളില്‍ നിന്നുമുള്ള കേബിളുകള്‍ അടിസ്ഥാന സൗകര്യവികസനങ്ങളിലേക്ക് പ്രത്യേകിച്ച് പൗരന്മാര്‍ക്കായുള്ള പാര്‍പ്പിട പദ്ധതിയിലേക്കുള്ള വൈദ്യുതി വിതരണത്തിനും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളോടെയുള്ള വിതരണ ശൃംഖലയുടെ വിപുലീകരണം ശരിയായ പാതയില്‍ പുരോഗമിക്കുകയാണെന്നും നിശ്ചിത ഷെഡ്യൂളില്‍ പൂര്‍ത്തിയാകുമെന്നും അല്‍ ഖുവാരി പറഞ്ഞു.