ദോഹ: എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഒത്തൊരുമിച്ച് ഖത്തര്‍ 2022 ഫിഫ ടൂര്‍ണമെന്റ് വിജയമാക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ആഹ്വാനം. ടൂര്‍ണമെന്റ് ഖത്തറിന് വേണ്ടി മാത്രമല്ല, എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമാനില്‍ നടന്ന ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 2022 ല്‍ ഖത്തറില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കുവൈത്തില്‍ നടന്ന 23-ാമത് അറബ് ഗള്‍ഫ് കപ്പില്‍ എല്ലാ രാജ്യങ്ങളും പങ്കെടുത്തതിലുള്ള സന്തോഷവും ഫിഫ പ്രസിഡന്റ് പ്രകടമാക്കി.
 
ജനങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ ഗള്‍ഫ് കപ്പ് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ നടന്ന ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ സംഘാടനത്തേയും അദ്ദേഹം പ്രശംസിച്ചു. മേഖലയിലെ പ്രധാന കായിക ഇവന്റുകളുടെ കേന്ദ്രമായി മാറാനുള്ള ഒമാന്റെ ശേഷിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിഫ ലോകകപ്പുകളുടെ ഭാവി സംബന്ധിച്ച നിരവധി പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഭാവിയില്‍ ആഗോള വനിതാ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫിഫയെന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകത്തേയും മധ്യപൂര്‍വ മേഖലയിലേയും ആദ്യ ലോകകപ്പാണ് 2022 ല്‍ നടക്കാന്‍ പോകുന്നത്. 32 ടീമുകള്‍ പങ്കെടുത്തുകൊണ്ടുള്ള ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന ടൂര്‍ണമെന്റ് കൂടിയാണ് ഖത്തറിലേത്.
 
2026 മുതല്‍ 48 ടീമുകളാകും ഫിഫ ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. സാധാരണ ജൂണ്‍-ജൂലൈ മാസങ്ങള്‍ മാത്രം നടക്കുന്ന ഫിഫ ടൂര്‍ണമെന്റ് 2022 ല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. 2022 ഡിസംബര്‍ 18-ന് ഖത്തറിന്റെ ദേശീയ ദിനത്തിലാണ് ഫിഫയുടെ ഫൈനല്‍ മത്സരം നടക്കുന്നത്. 2022 ലോകകപ്പ് പദ്ധതികളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശ്രദ്ധേയമായ നിരവധി നടപടികളാണ് ഖത്തര്‍ നടപ്പാക്കി വരുന്നത്. ഖത്തര്‍ 2022 സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ലോകത്തില്‍ വെച്ചേറ്റവും സുരക്ഷിതമായ ഫിഫ ടൂര്‍ണമെന്റായിരിക്കും 2022 ല്‍ ലോകത്തിന് സമ്മാനിക്കുക.