ദോഹ: രാജ്യത്തെ കാര്‍ഷിക ഉത്പാദനം അറുപത് ശതമാനമായി വര്‍ധിച്ചതായി നഗരസഭാ പരിസ്ഥിതി മന്ത്രാലയം. കഴിഞ്ഞവര്‍ഷം ഇരുപത് ശതമാനമായിരുന്ന ഉത്പാദനമാണ് ഈ വര്‍ഷം അറുപത് ശതമാനത്തിലേക്ക് ഉയര്‍ന്നതെന്ന് മന്ത്രാലയത്തിലെ കാര്‍ഷിക-ഫിഷറീസ് അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് ഡോ. ഫലേഹ് ബിന്‍ നാസ്സര്‍ അല്‍താനി പറഞ്ഞു. കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വര്‍ഷത്തിലുടനീളം പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാനായി രണ്ട് വന്‍കിട കാര്‍ഷികപദ്ധതികളാണ് മന്ത്രാലയം തുടങ്ങുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വര്‍ഷത്തിലുടനീളം ഉത്പാദനം ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്നും അല്‍ റയാന്‍ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ കൃഷിയുടെ മൂന്നാം മാസത്തിലേക്ക് എത്തിയപ്പോഴേക്കും ഉത്പാദനം അറുപത് ശതമാനത്തിലെത്തി. അതേസമയം, വെള്ളരിക്ക, തക്കാളി എന്നിവയില്‍ നൂറുശതമാനം സ്വയംപര്യാപ്തതയിലേക്ക് എത്തിക്കഴിഞ്ഞു. ഇത്തവണത്തെ സീസണില്‍ അറുപത് ശതമാനത്തോളം സ്വയംപര്യാപ്തത മൊത്തം പച്ചക്കറി ഉത്പാദനത്തില്‍ സാധ്യമായിക്കഴിഞ്ഞു. ഉത്പാദനക്ഷമതയുള്ള 900 ഫാമുകളാണ് 11,000 ഹെക്ടറിലായുള്ളത്. നിലവില്‍ വിപണിസ്ഥിരത കൈവരിച്ചുകഴിഞ്ഞു. ഉത്പന്നങ്ങള്‍ സുലഭമായതോടെ വിലയിലും ഗണ്യമായ കുറവുണ്ടെന്നും എല്ലാ ഗുണമേന്മയുള്ള പ്രാദേശിക പച്ചക്കറികളും വിപണിയില്‍ എത്തിക്കഴിഞ്ഞു.

പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കൂടുതല്‍ ഫാമുകള്‍ ഉത്പാദനക്ഷമത കൈവരിക്കും. പ്രാദേശിക വിപണിയുടെ വലിയൊരു ശതമാനം ആവശ്യകത നിറവേറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉത്പാദനം എഴുപത് ശതമാനമെത്തുമ്പോള്‍ സ്വയംപര്യാപ്തതയില്‍ വലിയനേട്ടമാണ് കൈവരിക്കുന്നത്. ഉപരോധത്തിനുമുമ്പ് 50 ശതമാനമായിരുന്ന കോഴി ഉത്പാദനം നിലവില്‍ 99 ശതമാനമായി ഉയര്‍ന്നു. വര്‍ഷത്തിന്റെ ആദ്യപാദംതന്നെ കോഴി ഉത്പാദനത്തില്‍ നൂറുശതമാനം കൈവരിക്കും. മുട്ട ഉത്പാദനത്തില്‍ മുപ്പത് ശതമാനമെന്നത് താമസിയാതെ 55 ശതമാനമാക്കി വര്‍ധിപ്പിക്കും. പ്രതിദിനമെന്നോണം ക്ഷീരോത്പാദനം വര്‍ധിക്കുകയാണ്.

ജൂണ്‍ അഞ്ചിന് മുമ്പ് 17 ശതമാനമായിരുന്ന ക്ഷീരോത്പാദനം 72 ശതമാനത്തിലെത്തി. അടുത്ത ആറുമാസത്തിനുള്ളില്‍ ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി ഉത്പാദനത്തില്‍ 14 ലക്ഷം ഒട്ടകം, ആട്, പശു, ചെമ്മരിയാട് എന്നിവയിലൂടെ 20 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കന്നുകാലികളുടെ കരുതല്‍ശേഖരം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അല്‍മസ്രുഅ, അല്‍ ഖോര്‍-അല്‍ ദഖീറ, അല്‍ വഖ്‌റ എന്നിവിടങ്ങളിലെ ശൈത്യകാല കാര്‍ഷികച്ചന്തകള്‍ കൂടാതെ ലുലു, അല്‍മീര തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രാദേശിക പച്ചക്കറികള്‍ സുലഭമാണ്.