ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.

രാവിലെ അമീരി ദിവാനിലാണ് കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പൊതുതാത്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും.

അതേസമയം ഫ്രഞ്ച് പ്രസിഡന്റിന്റെ ദോഹ സന്ദര്‍ശനത്തിലൂടെ മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധവിമാനങ്ങളുടെ വില്‍പ്പന സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ്. ഖത്തറിന് 12 റാഫല്‍ യുദ്ധ വിമാനങ്ങളും മുന്നൂറ്് ടാങ്കുകളും വില്‍ക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ഊര്‍ജിതമാണ്.

പ്രസിഡന്റിന്റെ ദോഹ സന്ദര്‍ശനം യുദ്ധവിമാനങ്ങളുടെ വില്‍പ്പന കരാറിന്റെ അന്തിമ തീരുമാനത്തിലേക്ക് വഴിതെളിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി നേരത്തേ ബി.എഫ്.എം. ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റഫാല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കള്‍. ഖത്തര്‍ സൈനികശേഷി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ യുദ്ധവിമാനങ്ങളുടെ വില്‍പ്പന സംബന്ധിച്ച് കരാര്‍ സാധ്യമായേക്കുമെന്നാണ് ഫ്രാന്‍സിന്റെ വിലയിരുത്തല്‍.